
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് യു.എസ്. മുന്നേറ്റതാരം ഫോളാരിൻ ബലോഗന്റെ ഒരു മത്സര വിലക്ക് ഫിഫ പിൻവലിച്ചെന്ന റിപ്പോർട്ടുകൾ വലിയ വിവാദത്തിന് വഴിവെക്കുന്നു. ഇതോടെ ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ബലോഗന് കളത്തിലിറങ്ങാനാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഫിഫയുടെ നടപടിക്കെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ടൂർണമെന്റിൽ മൂന്ന് ഗോളുകളുമായി അമേരിക്കയുടെ ടോപ് സ്കോററായ ബലോഗന് ബോസ്നിയക്കെതിരായ മത്സരത്തിനിടെയാണ് ചുവപ്പുകാർഡ് ലഭിച്ചത്. എതിരാളി താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്ത സംഭവത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയ്ക്കുശേഷമാണ് റഫറി താരത്തെ പുറത്താക്കിയത്. ഇതോടെ അടുത്ത മത്സരം താരത്തിന് നഷ്ടമാകുമെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ വ്യവസ്ഥകൾ പ്രകാരം ശിക്ഷ താൽക്കാലികമായി മാറ്റിവെച്ചതായാണ് റിപ്പോർട്ടുകൾ. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ട്രംപ് ഒന്നിലധികം തവണ ഫോണിൽ ബന്ധപ്പെട്ട് ചുവപ്പുകാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ പറയുന്നു. പിന്നാലെ, "ഒരു വലിയ അനീതി തിരുത്തിയതിന് ഫിഫയ്ക്ക് നന്ദി" അറിയിച്ച് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പ്രതികരിക്കുകയും ചെയ്തു.
പരിശീലനത്തിനിടെയാണ് ബലോഗന് കളിക്കാനാകുമെന്ന വിവരം അമേരിക്കൻ ടീമിന് ലഭിച്ചത്. ആദ്യം അത് വിശ്വസിക്കാനായില്ലെന്നും പിന്നീട് വലിയ ആശ്വാസവും സന്തോഷവും തോന്നിയെന്നും യു.എസ്. നായകൻ ക്രിസ്റ്റ്യൻ പുലിസിച്ച് പറഞ്ഞു. പരിശീലകൻ മൗറിസിയോ പൊച്ചെറ്റിനോയും തീരുമാനത്തെ സ്വാഗതം ചെയ്ത്, ബലോഗന് ലഭിച്ച ചുവപ്പുകാർഡ് അതിരുകടന്ന ശിക്ഷയായിരുന്നുവെന്നാണ് ഫുട്ബോൾ ലോകത്തെ ഭൂരിഭാഗം പേരുടെയും അഭിപ്രായമെന്ന് പ്രതികരിച്ചു.
അതേസമയം, നിലവിലെ ഫിഫ നിയമപ്രകാരം ചുവപ്പുകാർഡ് ലഭിക്കുന്ന ഒരു താരം അടുത്ത മത്സരം നിർബന്ധമായും നഷ്ടപ്പെടുത്തണമെന്നാണ് ബെൽജിയം ഫുട്ബോൾ അസോസിയേഷന്റെ വാദം. അതിനാൽ ബലോഗന്റെ വിലക്ക് നീക്കിയത് നിയമവിരുദ്ധമാണെന്നും വിഷയത്തിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ അറിയിച്ചു. ബെൽജിയം പരിശീലകൻ റൂഡി ഗാർസിയയും ഫിഫയുടെ തീരുമാനത്തെ പരിഹാസരൂപേണ വിമർശിച്ചു.
ലോകകപ്പ് ചരിത്രത്തിൽ ചുവപ്പുകാർഡ് ലഭിച്ചിട്ടും അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി ലഭിച്ച സംഭവങ്ങൾ അപൂർവമാണ്. അതിനാൽ ബലോഗന്റെ കാര്യത്തിൽ സ്വീകരിച്ച നടപടിയുടെ മാനദണ്ഡങ്ങളെക്കുറിച്ച് വ്യാപകമായ ചോദ്യങ്ങൾ ഉയരുകയാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ സമ്മർദത്തിന് ഫിഫ വഴങ്ങിയെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്.










