04:27am 02 October 2026
NEWS
ഇസ്രയേലിലേക്കുള്ള വിമാനം പൈലറ്റ് തകർക്കാൻ ശ്രമിച്ചു; 180 യാത്രക്കാർക്ക് രക്ഷകനായത് സഹപൈലറ്റ്; ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
30/09/2026  03:51 PM IST
nila
ഇസ്രയേലിലേക്കുള്ള വിമാനം പൈലറ്റ് തകർക്കാൻ ശ്രമിച്ചു; 180 യാത്രക്കാർക്ക് രക്ഷകനായത് സഹപൈലറ്റ്; ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിൽ നടന്നത് ഗുരുതര സംഭവമെന്ന് റിപ്പോർട്ടുകൾ. വിമാനത്തിനുള്ളിൽ അക്രമാസക്തമായ സംഘർഷമുണ്ടായതിനെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തം പുരണ്ട ചിത്രങ്ങളും പുറത്തുവന്നു.

വിമാനത്തിലെ ഒരു പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതായാണ് ഇസ്രയേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. സഹപൈലറ്റും യാത്രക്കാരായിരുന്ന ഏതാനും പൈലറ്റുമാരും ചേർന്ന് ശ്രമം തടഞ്ഞതായും റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട പൈലറ്റിനെ ചോദ്യം ചെയ്തുവരികയാണെന്ന് പേരുവെളിപ്പെടുത്താത്ത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞതിലൂടെ വലിയ ദുരന്തമാണ് ഒഴിവായതെന്നാണ് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥന്റെ പ്രതികരണം. എന്നാൽ, സംഭവത്തിന്റെ വിശദാംശങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിങ്ങിന് പിന്നാലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്‌ളൈദുബായ് വക്താവ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും ഇസ്രയേലി പൗരന്മാരാണെന്നാണ് റിപ്പോർട്ടുകൾ.

വിമാനം ഹൈജാക്ക് ചെയ്തെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് രണ്ട് പൈലറ്റുമാർ തമ്മിലുണ്ടായ അക്രമാസക്തമായ സംഘർഷത്തെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന വിവരങ്ങൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഒരു പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകൾ വന്നത്.

സംഭവവികാസങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് നിരീക്ഷിച്ചുവരികയാണ്. സംഭവം നിയന്ത്രണവിധേയമാണെന്നും ഇസ്രയേലി യാത്രക്കാരെ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img