09:43am 05 October 2026
NEWS
ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാൻ പദ്ധതി; ലക്ഷ്യമിട്ടത് ടെൽ അവീവ് വിമാനത്താവളം തകർക്കാനും
05/10/2026  08:02 AM IST
nila
ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാൻ പദ്ധതി; ലക്ഷ്യമിട്ടത് ടെൽ അവീവ് വിമാനത്താവളം തകർക്കാനും

ഫ്ലൈദുബായ് വിമാനത്തിലെ കോപൈലറ്റ് ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാനും പിന്നീട് വിമാനം തകർക്കാനും പദ്ധതിയിട്ടെന്ന് റിപ്പോർട്ട്. ടെൽ അവീവ് വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഇയാൾ ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇറ്റാലിയൻ ദിനപത്രമായ കോറിയറെ ഡെല്ല സെറ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

കോപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ഛറിനെ പിന്നിൽനിന്നെത്തി ആക്രമിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ആക്രമണത്തിൽ ക്യാപ്റ്റന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് കോക്പിറ്റിന്റെ വാതിൽ അടച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ഹമ്മാമി ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ക്യാപ്റ്റൻ വീണ്ടും കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു.

ഇതിനിടെ ശുചിമുറിയിലായിരുന്ന ഒരു വനിത യാത്രക്കാരി കോക്പിറ്റിൽനിന്നുള്ള ശബ്ദങ്ങൾ കേട്ട് മറ്റു യാത്രക്കാരെ വിവരം അറിയിച്ചതായാണ് റിപ്പോർട്ട്. യാത്രക്കാർ കോക്പിറ്റിലേക്ക് എത്തിയപ്പോൾ ക്യാപ്റ്റൻ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും ഇടപെട്ട് വിമാനം നിയന്ത്രണത്തിലാക്കുകയായിരുന്നു.

കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് മനസ്സിലായതോടെ മരുഭൂമിക്ക് മുകളിൽവച്ച് വിമാനം തകർക്കാനായിരുന്നു ഹമ്മാമിയുടെ അടുത്ത നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓട്ടോപൈലറ്റ് ഓഫ് ചെയ്തതിനു പിന്നാലെ വെറും 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴേക്ക് പതിച്ചതായാണ് റിപ്പോർട്ട്. സമയോചിതമായ ഇടപെടലിലൂടെയാണ് വലിയ ദുരന്തം ഒഴിവായതെന്നാണ് വിവരം.

അതേസമയം, ഹമാം അൽ ഹമ്മാമിയെ നേരത്തെ വിമാനം പറത്തുന്നതിൽനിന്ന് ഒമാൻ വിലക്കിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തീവ്രവാദ ആശയങ്ങളോടുള്ള താൽപര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിലക്കെന്നാണു സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യം ഒമാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഏകദേശം ഏഴ് വർഷം ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഹമ്മാമി 2025ലാണ് യുഎഇയിലെത്തിയത്. തുടർന്ന് ഫ്ലൈദുബായിൽ കോപൈലറ്റായി ജോലി ചെയ്തുവരികയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img