
അത്തം പിറന്നതോടെ കേരളത്തിൽ ഓണാഘോഷത്തിന് തുടക്കമായെങ്കിലും അത്തപ്പൂക്കളമൊരുക്കാൻ ഇത്തവണ കീശ കൂടുതൽ കാലിയാക്കേണ്ടിവരും. സംസ്ഥാനത്തെ പൂവിപണിയിൽ വില ഉയരാനുള്ള സാധ്യത ശക്തമാണ്. ഓണാഘോഷങ്ങൾ സജീവമാകുന്നതോടെ ആവശ്യക്കാർ കൂടുന്നതും ഇതര സംസ്ഥാന വിപണികളിലെ വിലവർധനയുമാണ് കേരളത്തിലും പൂവില ഉയരാൻ കാരണം.
തോവാള, ഹൊസൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. നിലവിൽ വിവിധ ജില്ലകളിൽ പൂക്കളുടെ വിലയിൽ വലിയ വ്യത്യാസമാണുള്ളത്. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ക്ലബ്ബുകളിലുമെല്ലാം ഓണാഘോഷങ്ങൾ നടക്കാനിരിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ കണക്ക്.
തിരുവനന്തപുരം ചാല മാർക്കറ്റിൽ മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 100 രൂപയാണ് വില. റോസ് 240 രൂപ, വാടാമുല്ല 300, വെള്ള ജമന്തി 500, കോഴിപ്പൂവ് 200, അരളി 300, വെള്ള അരളി 400, പിച്ചി 1200, മുല്ല 1000 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.
കോഴിക്കോട്ട് മഞ്ഞ ജമന്തി 50 രൂപ മുതൽ ലഭിക്കുമ്പോൾ റോസിന് 300 രൂപയാണ് വില. വെള്ള ജമന്തി, അരളി എന്നിവയ്ക്ക് 400 രൂപ വീതവും മുല്ലയ്ക്ക് 2000 രൂപയും പിച്ചിക്ക് 1600 രൂപയുമാണ് വില. വാടാമുല്ല 100 രൂപയ്ക്ക് ലഭിക്കും.
പത്തനംതിട്ടയിൽ മഞ്ഞ ജമന്തിക്ക് 180 രൂപ വരെയാണ് വില. റോസ് 400 രൂപയും അരളി 450 രൂപയുമാണ്. മുല്ലയ്ക്കും പിച്ചിക്കും 1000 രൂപ വീതവും വെള്ള അരളിക്ക് 400 രൂപയും വാടാമുല്ലയ്ക്ക് 250 രൂപയുമാണ് വില.
ഗതാഗതച്ചെലവിലെ വ്യത്യാസമാണ് ജില്ലകൾക്കിടയിലെ പൂവിലയിലെ പ്രധാന വ്യത്യാസത്തിന് കാരണം.
കൊല്ലത്ത് മുല്ലയ്ക്ക് ‘മൂവായിരം’ കടന്നേക്കും
കൊല്ലത്തെ പ്രധാന വിപണികളായ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്നാണ് പൂക്കൾ എത്തുന്നത്. മധുര, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂവ് പ്രധാനമായും എത്തുന്നത്.
തോവാള, തെങ്കാശി, ദിണ്ടിഗൽ, നിലക്കോട്ട, പഴനി തുടങ്ങിയ വിപണികളിൽനിന്നും ബന്ദിപ്പൂവും മറ്റ് അലങ്കാര പൂക്കളും എത്തുന്നുണ്ട്. വിവാഹങ്ങൾ കൂടിയതോടെ മുല്ലയുടെ ആവശ്യവും വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മുല്ലയുടെ വില കിലോയ്ക്ക് 3000 രൂപയോട് അടുക്കുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
തൃശൂരിൽ താരമായി അസ്ട്ര
തൃശൂരിലെ പൂവിപണിയിൽ ഇത്തവണ ബെംഗളൂരു മുല്ലയ്ക്കും വിവിധ നിറങ്ങളിലുള്ള അസ്ട്രയ്ക്കുമാണ് ആവശ്യക്കാർ. കോയമ്പത്തൂർ പൂമാർക്കറ്റിനെയും ഹൊസൂരിലെ കർഷകരെയുമാണ് മലയാളി വ്യാപാരികൾ പ്രധാനമായും ആശ്രയിക്കുന്നത്.
100 രൂപയ്ക്ക് വിവിധ പൂക്കൾ ചേർത്ത് നൽകുന്ന പൂക്കിറ്റുകൾക്കാണ് കൂടുതൽ ഡിമാൻഡ്. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 100 രൂപയും വാടാമല്ലിക്ക് 200 രൂപയുമാണ് വില. പിങ്ക്, പർപ്പിൾ, വയലറ്റ് നിറങ്ങളിലുള്ള അസ്ട്രയ്ക്കും ആവശ്യക്കാർ ഏറെയാണ്.
വാടാമല്ലിക്ക് പകരം ഉപയോഗിക്കാവുന്ന പർപ്പിൾ അസ്ട്രയ്ക്ക് വാടാമല്ലിയേക്കാൾ 100 രൂപ കുറവാണെന്നതും ആവശ്യക്കാരെ ആകർഷിക്കുന്നുണ്ട്. ചെറിയ ചുവന്ന റോസിന് കാൽ കിലോയ്ക്ക് 50 രൂപയാണ് നിലവിലെ വില.
മണമില്ലാത്ത മുല്ലയും വിപണിയിൽ
ബെംഗളൂരുവിൽ നിന്നുള്ള മണമില്ലാത്ത മുല്ലമൊട്ടുകളും ഇത്തവണ ഓണവിപണിയിലെത്തിയിട്ടുണ്ട്. വിരിയാത്ത ഈ മുല്ലമൊട്ടുകൾ രണ്ട് ദിവസം വരെ ഫ്രഷായി സൂക്ഷിക്കാനാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ ഒരു മുഴത്തിന് 50 രൂപയാണ് വില.
ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ ആവശ്യക്കാർ വർധിക്കുകയും അതനുസരിച്ച് വില ഉയരുകയും ചെയ്യാം. അത്തപ്പൂക്കളങ്ങളുടെ വലുപ്പത്തിനും ഭംഗിക്കും അനുസരിച്ച് പൂക്കളുടെ ആവശ്യം കൂടുമ്പോൾ ഓണക്കാലത്ത് പൂവിപണിയിലും വിലക്കയറ്റത്തിന്റെ പൂക്കാലമായേക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.










