
ഫ്ലോറിഡ: ബാറിന് പുറത്ത് തോക്കുമായി നിന്ന യുവതിയെ പൊലീസ് വെടിവച്ചുകൊന്നു. ശനിയാഴ്ച രാത്രി 10.30ഓടെ ഒൾഡ് ടൗണിലെ ഒസ്കിയോള കൗണ്ടിയിലുള്ള ‘സൺ ഓൺ ദി ബീച്ച്’ ബാറിന് സമീപമാണ് സംഭവം.
ബാറിനുള്ളിൽ ഒരാളുമായി തർക്കത്തിലേർപ്പെട്ട യുവതി പിന്നീട് തോക്കുമായി പുറത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് തർക്കത്തിലേർപ്പെട്ട വ്യക്തിക്കുനേരെ തോക്ക് ചൂണ്ടി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തോക്ക് താഴെയിടാൻ പലതവണ നിർദേശിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെ മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റു ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥനെ പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. ഏഴുവർഷത്തെ സർവീസ് പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഇയാൾ.
സംഭവത്തെക്കുറിച്ച് ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ലോ എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










