
മക്ക: സൗദി അറേബ്യയിൽ കനത്ത മഴ. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ പെയ്ത കനത്ത മഴയിൽ റോഡു ഗതാഗതം താറുമാറായി. കനത്ത മഴയിൽ മക്കയിലെ ഒട്ടേറെ റോഡുകൾ വെളളത്തിനടിയിലായി. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള പ്രദേശം ഉൾപ്പെടുന്ന മധ്യ മക്കയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മക്കയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ മക്കയിലെ ദിഫാഖ് ജില്ലയിലാണ് പൊടിക്കാറ്റും പേമാരിയും കൂടുതൽ നാശമുണ്ടാക്കിയത്. താഴ്ന്ന പ്രദേശങ്ങൾ, താഴ്‌വരകൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും നിർദേശമുണ്ട്.
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച്ചവരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയും പൊടിക്കാറ്റും അനുഭവപ്പെടും. ദൂരക്കാഴ്ച കുറയുന്നതിനാൽ മക്ക, ജിദ്ദ, തായിഫ് പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.










