
എയർഹോസ്റ്റസിനെ യാത്രക്കാരി കടിച്ചതോടെ വിമാനം രണ്ടു മണിക്കൂർ വൈകി. ഷെൻഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന ഷെൻഷെൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ എയർ ഹോസ്റ്റസിനെയാണ് തർക്കത്തിലേർപ്പെട്ടിരുന്ന ഒരു യുവതി കടിച്ചത്. വിമാനം പുറപ്പെടാൻ തയ്യാറെടുക്കവെയായിരുന്നു സംഭവം. ഇതോടെ വിമാനം രണ്ടു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
അടുത്തടുത്തായി ഇരുന്ന രണ്ട് സ്ത്രീ യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് എയർ ഹോസ്റ്റസിന് കടിയേൽക്കുന്നതിലേക്ക് നയിച്ചത്. അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന യുവതികളിൽ ഒരാൾ മറ്റേയാളുടെ വിയർപ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചു. എന്നാൽ, മറ്റേയാളുടെ പെർഫ്യൂമിന് രക്ഷഗന്ധമാണെന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പ്രശ്നം തീർക്കാനായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് ക്യാബിൻ ക്രൂ അംഗങ്ങൾ ഇവർക്കരുകിലെത്തി. ഇതിലൊരാളുടെ കൈയിലാണ് യുവതി കടിച്ചത്.
കടിയേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരായ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിമാനം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.











