
എറണാകുളം എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ നടത്തിയ പരിശോധന
എറണാകുളം എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ സ്കൂൾ ബസുകളിൽ പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്ക് 57,250 രൂപ പിഴ ചുമത്തി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലാതിരിക്കൽ, ഡ്രൈവർമാർ യൂണിഫോം സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കൽ, അറ്റൻഡറുടെ അഭാവം, ഫയർ എക്സ്റ്റിംഗുഷർ ഇല്ലാതിരിക്കൽ തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ചെറിയ അശ്രദ്ധകൾ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്നും അധികൃതർ വ്യക്തമാക്കി. സ്കൂൾ ബസുകളുടെ സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, ജീവനക്കാരുടെ യോഗ്യത, നിയമാനുസൃതമായ പ്രവർത്തനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്.
കുട്ടികളുടെ യാത്രാസുരക്ഷയ്ക്ക് മുൻഗണന നൽകി വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ പരിശോധന തുടരുമെന്ന് എൻഫോഴ്സസ്മെന്റ്റ് വിഭാഗം അറിയിച്ചു. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. വ്യക്തമാക്കി.
Photo Courtesy - Google








