05:26am 13 November 2026
NEWS
മിന്നൽ പ്രളയം, ശക്തമായ കാറ്റ്, ഇടിമിന്നൽ: കേരളത്തിൽ കൂമ്പാരമേഘങ്ങൾ ഉയർത്തുന്ന മൂന്ന് വലിയ കാലാവസ്ഥ ഭീഷണികൾ
02/12/2025  04:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മിന്നൽ പ്രളയം, ശക്തമായ കാറ്റ്, ഇടിമിന്നൽ: കേരളത്തിൽ കൂമ്പാരമേഘങ്ങൾ ഉയർത്തുന്ന മൂന്ന് വലിയ കാലാവസ്ഥ ഭീഷണികൾ


കൊച്ചി: കേരളത്തിലെ പ്രീ–മൺസൂണും പോസ്റ്റ്–മൺസൂണും കാലങ്ങളിൽ വേഗത്തിൽ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങൾ മൂലമുള്ള മിന്നൽ, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയാണ് ഏറ്റവും വലിയ മൂന്ന് കാലാവസ്ഥാ ഭീഷണികളെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇടിമിന്നലോടുകൂടിയ ഇത്തരം കോൺവെക്റ്റീവ് സ്റ്റോം സംസ്ഥാനത്ത് സാധാരണമാണെങ്കിലും, പ്രീ–മൺസൂൺ കാലത്ത് ഇവയുടെ ആവർത്തനവും അതിനൊപ്പം ബഹുമുഖ അപകടസാധ്യതയും വർദ്ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
മിന്നൽ ഉൾപ്പെടെയുള്ള അപകടങ്ങൾ ഏറ്റവുമധികം സംഭവിക്കുന്ന പ്രദേശങ്ങളെ ഗവേഷകർ വ്യക്തമായി മാപ്പ് ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. പഠനത്തിന്റെ കണ്ടെത്തലുകൾ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ lightning അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളാണ്. തീരപ്രദേശങ്ങളിൽ ഏറ്റവും ശക്തമായ മഴ ലഭിക്കുമ്പോൾ, പശ്ചിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിലും പതിവായി ഇടിമിന്നലും മഴയും ലഭിക്കും. എറണാകുളം മുതൽ വടക്കൻ കേരളം വരെയുള്ള തീരപ്രദേശങ്ങളിൽ തീവ്ര മഴ ലഭിക്കുമ്പോൾ, തെക്കൻ ജില്ലകളിലാണ് മിന്നൽ, മഴ, ശക്തമായ കാറ്റ് എന്നിവ ഒരുമിച്ച് ഉണ്ടാക്കുന്ന സംയുക്ത കാലാവസ്ഥ ഭീഷണികൾ കൂടുതലായി രേഖപ്പെടുത്തുന്നത്. ഇതുവഴി മിന്നൽ പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അപകടങ്ങൾ കേരളത്തിലെ ഏതു ഭാഗങ്ങളിൽ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ആദ്യ സമഗ്ര പഠനമാണിത്. പ്രത്യേകിച്ച് ആഴത്തിലുള്ള ഉയർന്ന മേഘങ്ങൾ പെട്ടെന്ന് ശക്തമായ അടിക്കാറ്റുകൾ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ച് പഠനം വിശദീകരിക്കുന്നു.
ഉപഗ്രഹ ചിത്രങ്ങൾ, ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) മഴമാപിനി വിവരങ്ങൾ, ഓട്ടോമാറ്റിക് വേതർ സ്റ്റേഷൻ (AWS) ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച് കേരളത്തിലെ പ്രധാന അപകട–ഹോട്ട്‌സ്‌പോട്ടുകൾ ഗവേഷകർ നിർവ്വചിച്ചു. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തീവ്രതയും വിവിധ പ്രദേശങ്ങളിൽ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും പഠനം വ്യക്തമാക്കുന്നു.
ഈ ഗവേഷണം കുസാറ്റിലെ അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് (ACARR) ഡയറക്ടർ ഡോ. അഭിലാഷ് എസ്, കൃഷ്ണകുമാർ ഇ . കെ., അഭിരാം നിർമൽ സി. എസ്., പ്രഭാത് എച്ച്. കുറുപ് എന്നിവർ ചേർന്നാണ് നടത്തിയത്. പഠനത്തിന്റെ കണ്ടെത്തലുകൾ Geomatics, Natural Hazards and Risk എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഡോ. അഭിലാഷ് എസ്, കുസാറ്റ് ACARR ഡയറക്ടർ, 9561642841 ബന്ധപെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img