
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വ്യാപകമാകുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും സംബന്ധിച്ച് ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെ.എസ്.ആർ.ടി.സി ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലേ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പ്രവണതകളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും തോരണങ്ങളും നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ലംഘിക്കപ്പെടുന്നതായി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എറണാകുളം, നിലമ്പൂർ, നെയ്യാറ്റിൻകര, കിളിമാനൂർ, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ഡിപ്പോകളിലെ ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. കൊടിതോരണങ്ങൾ ജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി വിലയിരുത്തി.
കെ.എസ്.ആർ.ടി.സിക്ക് ശുചിത്വമുള്ള അന്തരീക്ഷം ഒരുക്കാൻ കഴിയുന്നില്ലെന്നും, ഇത്തരം ബോർഡുകൾ നീക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഡിപ്പോകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥാവകാശം സർക്കാരിനും, സർക്കാരിന്റെ ഉടമസ്ഥാവകാശം ജനങ്ങൾക്കുമാണെന്നും കോടതി ഓർമ്മിപ്പിച്ചു. ഒരാഴ്ചയ്ക്കകം ബോർഡുകൾ നീക്കുന്നത് സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്നും കേസ് ജൂലൈ 10-ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അനധികൃത ബോർഡുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്ത ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ ഇത് പാലിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തിരുന്ന കാര്യവും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ആഹ്വാനം ജീവനക്കാർക്ക് ഒരു ഉണർത്തുവാക്യമായി കാണണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയുടെ ഭാഗമായാണ് കൊടിതോരണങ്ങൾ സ്ഥാപിച്ചതെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ വിശദീകരിച്ചപ്പോൾ, ഹിതപരിശോധനയെക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യമെന്തെന്ന് കോടതി ചോദിച്ചു. സ്ഥാപിച്ചവർ തന്നെ ഇവ നീക്കം ചെയ്യണമെന്നും, നഷ്ടത്തിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ നിലനിർത്തിയത് ഹൈക്കോടതിയാണെന്നും കോടതി ഓർമ്മിപ്പിച്ചു. അധികാരം കൈയാളുന്ന പാർട്ടിക്കാർ തന്നെ നിയമലംഘനം നടത്തുന്നത് ലജ്ജാകരമാണെന്നും ഇരിങ്ങാലക്കുട നഗരത്തിലും ഫ്ലെക്സുകൾ നിറഞ്ഞിരിക്കുകയാണെന്നും കോടതി രേഖപ്പെടുത്തി.











