
കൊല്ലത്ത് ടീപ്പോയിലെ ഗ്ലാസ് പൊട്ടിവീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സ്വദേശികളായ സുനീഷ്- റൂബി ദമ്പതികളുടെ ഇളയമകനായ എയ്‌ഡനാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടി അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ എയ്ഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു.
അപകടം നടക്കുമ്പോൾ എയ്‌ഡനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ മൂത്തകുട്ടിയെ ട്യൂഷന് കൊണ്ടുപോയിരുന്നു. എയ്‌ഡനെ വീട്ടിലെ ഹാളിലാക്കിയശേഷം അമ്മ റൂബി കുളിക്കാനായി പോയി. കുളികഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ടീപ്പോയിലെ ഗ്ളാസ് പൊട്ടി ഗുരുതര പരിക്കേറ്റ നിലയിൽ എയ്‌ഡനെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് രക്തം വാർന്ന് അവശനിലയിലായിരുന്നു. കാലിലും തുടയിലും ഗ്ലാസ് തുളഞ്ഞുകയറിയ നിലയിലായിരുന്നു.
അപകടത്തിന് ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കുളികഴിഞ്ഞ് റൂബി എത്തിയപ്പോൾ വാതിലിനോട് ചേർന്ന് തകർന്ന ടീപ്പോയും തൊട്ടടുത്ത് രക്തം വാർന്ന് അവശനിലയിൽ കുട്ടിയെയുമാണ് കണ്ടത്. കുട്ടി ടീപ്പോ വാതിലിനടുത്തേക്ക് നീക്കിയിടുകയും അതിന് മുകളിൽ കയറിനിന്ന് വാതിലിന്റെ കുറ്റി എടുക്കാൻ നോക്കിയപ്പോൾ ഗ്ലാസ് തകർന്ന് അപകടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











