
തായിഫ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.
തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ്, ഹെപ്സിബ ദേവമണി എന്നിവരും അപകടത്തിൽ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.
തായിഫ്–റാനിയ റോഡിൽ റാനിയയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം.
തായിഫ് ഗവർണറേറ്റിലെ വിവിധ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നഴ്സുമാരായിരുന്നു കാറിലുണ്ടായിരുന്നത്. വെള്ളിയാഴ്ച അവധിയായതിനാൽ ഷോപ്പിങ്ങിനായി സൗദി പൗരന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
അപകടത്തെ തുടർന്ന് മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.










