12:53pm 30 October 2026
NEWS
എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
30/10/2026  08:33 AM IST
nila
എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

കാസർകോട്: ജില്ലയിൽ രണ്ട് ഇടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 182.65 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേശ്വരത്ത് ലഹരിവിൽപ്പനയ്ക്കായി വാടക ക്വാർട്ടേഴ്‌സിൽ സൂക്ഷിച്ചിരുന്ന 182.12 ഗ്രാം എംഡിഎംഎയും കാസർകോട് നഗരത്തിലെ ലോഡ്ജിൽനിന്ന് 0.59 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് യുവാക്കളെയും ഒരു യുവതിയെയും അറസ്റ്റ് ചെയ്തു.

മഞ്ചേശ്വരം കടമ്പാർ ബട്ടിപ്പദവിലെ വാടക ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന മൂന്നംഗ സംഘമാണ് ആദ്യ സംഭവത്തിൽ പിടിയിലായത്. കുണ്ടുകോളടുക്ക സ്വദേശിയും ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ മുഹമ്മദ് ശിഹാബ് (33), മംഗളൂരു സ്വദേശികളായ മുഹമ്മദ് സഫുവാൻ (23), മുഹമ്മദ് റസൽ അലി (21) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എസ്.ഐ. എസ്.വി. ജിയോ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ക്വാർട്ടേഴ്‌സിൽ പരിശോധനയ്ക്കെത്തുകയായിരുന്നു. പോലീസ് എത്തിയിട്ടും വാതിൽ തുറക്കാൻ അകത്തുണ്ടായിരുന്നവർ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വാതിൽ തുറന്ന് പോലീസ് അകത്തുകയറി. അകത്തെ മുറി പൂട്ടിയ നിലയിലായിരുന്നതിനാൽ ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂന്നുപേരെയും കണ്ടെത്തിയത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 182.12 ഗ്രാം എംഡിഎംഎയാണ് ഇവിടെനിന്ന് കണ്ടെടുത്തത്. മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ്, പണം എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘമാണിതെന്നാണ് പോലീസിന്റെ നിഗമനം. ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയായ ശിഹാബ് അതിർത്തി കേന്ദ്രീകരിച്ചുള്ള ലഹരിവിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവിൽനിന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് എത്തിച്ചതാകാം പിടിച്ചെടുത്ത എംഡിഎംഎയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ലഹരിമരുന്ന് എത്തിച്ചവരെയും വിതരണശൃംഖലയിലെ മറ്റു വ്യക്തികളെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

അതേസമയം, കാസർകോട് നഗരത്തിലെ ഒരു ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിലായി. കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളത്തെ മുഹമ്മദ് റാഫി (31), ബേള കടമ്പളയിലെ ഷെരീഫ (35) എന്നിവരെയാണ് ടൗൺ എസ്.ഐ. പി.വി. മനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ലോഡ്ജിൽ മുറിയെടുത്ത് ഇരുവരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. മുറിയിലെ അലമാരയിലും മേശവലിപ്പിലും ബാഗിലുമെല്ലാം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് യുവതി ധരിച്ചിരുന്ന ജീൻസ് പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് 0.59 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ മുഹമ്മദ് റാഫി തന്റെ പോക്കറ്റിലുണ്ടായിരുന്ന എംഡിഎംഎ യുവതിയുടെ പോക്കറ്റിലേക്ക് മാറ്റിയതാണെന്നാണ് ഷെരീഫ നൽകിയ മൊഴി. മാങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 3,000 രൂപയ്ക്ക് ലഹരിമരുന്ന് വാങ്ങിയെന്നാണ് റാഫി പോലീസിനോട് പറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img