
സാമ്പത്തിക അച്ചടക്കം പാലിച്ചിരുന്ന സംസ്ഥാനമായിരുന്നു കർണാടകം. റവന്യു വരുമാനം ഒരു പരിധി വരെ കൃത്യമായി വിനിയോഗിച്ചിരുന്നതിനാൽ വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. തലസ്ഥാനനഗരിയായ ബംഗളുരുവും മറ്റു പ്രദേശങ്ങളും സമഗ്ര വികസനത്തിലേക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. ബിജെപി കയ്യടക്കിയിരുന്ന സംസ്ഥാനത്ത് അധികാരം പിടിക്കാനായി 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും പഞ്ച സൗജന്യ ഗ്യാരണ്ടികൾ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്. കോൺഗ്രസ്സിന് ഭരണം കിട്ടിയാൽ ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാഗ്യ, ശക്തി, യുവനിധി എന്നീ അഞ്ചു സൗജന്യങ്ങൾ നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ആ പ്രഖ്യാപനം ഉയർത്തിക്കാട്ടിയാണ് സംസ്ഥാനമൊട്ടുക്ക് പ്രചരണം നടത്തിയത്. വോട്ടർമാരെ സൗജന്യ വാഗ്ദാനങ്ങൾ ആകർഷിച്ചു. കോൺഗ്രസ്സ് വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. മൂന്നുവർഷമായി സിദ്ധരാമയ്യ ഗവണ്മെന്റ് അഞ്ചു സൗജന്യ വാഗ്ദാനങ്ങളും നിറവേറ്റിവരുന്നു. അൻപത്തി അയ്യായിരത്തോളം കോടി രൂപയാണ് ഈ സൗജന്യ വാഗ്ദാനങ്ങൾ നൽകാനായി സംസ്ഥാന ഗവണ്മെന്റിന് ഓരോ വർഷവും വേണ്ടിവരുന്നത്. ഇതുമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഗ്രാമീണ വികസന, ന്യൂട്രീഷൻ പദ്ധതികൾ സ്തംഭിച്ചിരിക്കുകയാണെന്നും 2024-25 ലെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കടമെടുത്താണ് ഗവണ്മെന്റ് മുന്നോട്ടുപോകുന്നത്. നിയമപരമായി കടമെടുക്കാനുള്ള പരിധി കടന്ന് കർണാടകം കടക്കെണിയിൽ വീണിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കടമെടുക്കുന്നതിന്റെ 62.12 ശതമാനമേ വികസനപദ്ധതികൾക്കായി മാറ്റിവെക്കാൻ കഴിയുന്നുള്ളൂ. റവന്യൂ മിച്ചത്തിലായിരുന്ന സംസ്ഥാനം റവന്യൂ കമ്മിയിലേക്ക് മാറിയിരിക്കുന്നു.റവന്യൂ വരുമാനത്തിന്റെ 20 ശതമാനം സൗജന്യങ്ങൾ നിറവേറ്റാൻ വേണ്ടിവരുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ സംസ്ഥാനം അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സൗജന്യങ്ങൾ നൽകുന്ന സമ്പ്രദായം പുനപരിശോധിക്കണമെന്ന് സി എജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്നെ കടക്കെണിയിൽ പെട്ട് രൂക്ഷമായ സാമ്പത്തിക പ്രയാസം നേരിടുന്ന കേരളത്തിലും കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ കർണാടക മോഡൽ സൗജന്യ ഗ്യാരണ്ടികൾ ചെറിയ വ്യത്യാസത്തോടെ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ മൂന്നാംഭരണം തടഞ്ഞ് അധികാരം പിടിക്കാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ആ പ്രഖ്യാപനം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വിപുലമായ സൗജന്യങ്ങൾ താങ്ങാനുള്ള കരുത്ത് കേരളത്തിലെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഉണ്ടോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോഴാണ് കർണാടകത്തെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് പ്രസക്തമാകുന്നത്
Photo Courtesy - Google











