
തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി ഉടമയിൽനിന്ന് സ്വർണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് 400 ഗ്രാമിലധികം സ്വർണവും പൊലീസ് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന ചാല സ്വദേശി ശ്രാവൺ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
കവർച്ചയ്ക്ക് പിന്നിൽ സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസ് തർക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ചാലയിൽ സ്വർണവ്യാപാരം നടത്തുന്ന അമുലും ദിലീപുമാണ് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ ലക്ഷ്യമിട്ട് ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
'ഷാഡോ അനിൽ' എന്നറിയപ്പെടുന്ന അനിൽ പ്രസാദും വിനോദ് ആന്റണിയും ബൈക്കിലെത്തി നന്ദകുമാറിൽനിന്ന് സ്വർണം കവർന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കവർച്ചയ്ക്കുശേഷം ബൈക്കിൽ ഫ്ലൈഓവർ കടന്ന് ഹൈവേയ്ക്ക് സമീപമെത്തിയ ഇരുവരും അവിടെ കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം രക്ഷപ്പെടുകയായിരുന്നു.
തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ യാത്രാമാർഗം മാറ്റി. തുടർന്ന് ബെംഗളൂരുവിലെത്തിയ സംഘം പിന്നീട് വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെ നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ചാസംഘത്തിന് കൈമാറിയ ശ്രാവണും കാറിൽ ഇവർക്കൊപ്പം ചേർന്നു.
വയനാട്ടിലെത്തിയ സംഘം പരിചയക്കാരനായ രാജീവിനെ ഫോണിൽ ബന്ധപ്പെട്ട് വിനോദയാത്രയ്ക്കായി എത്തിയതാണെന്ന് അറിയിക്കുകയും താമസസൗകര്യം ഒരുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം വളഞ്ഞ് പ്രതികളെ പിടികൂടി. പൊലീസിനെ കണ്ടതോടെ ശ്രാവൺ വാഹനത്തിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു.
രാജീവിനെ പൊലീസ് ചോദ്യം ചെയ്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ശ്രാവണിനായുള്ള തിരച്ചിൽ തുടരുകയാണ്.









