
ദോഹ:ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അഞ്ചുപേരെ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) അറിയിച്ചു. ഒരു ബ്യൂട്ടി സലൂണിൽ പ്രത്യേകതയുള്ള കോസ്മെറ്റിക് ചികിത്സകൾ അനധികൃതമായി നടത്തിവരികയായിരുന്നു ഇവർ.നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചവർക്കും ബന്ധപ്പെട്ട സ്ഥാപനത്തിനുമെതിരെ രാജ്യത്തെ ആരോഗ്യ തൊഴിൽ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസുള്ള ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും, പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച സാധുവായ ലൈസൻസുള്ള ചികിത്സകരിൽ നിന്നും മാത്രമേ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കാവൂവെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിനും വിശ്വാസയോഗ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും അനിവാര്യമാണെന്ന് അറിയിച്ചു.
രാജ്യത്ത് പ്രവർത്തിക്കുന്ന ഏതൊരു ആരോഗ്യപ്രവർത്തകന്റെയും ലൈസൻസ് നില പരിശോധിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ “Search for a Licensed Health Practitioner” എന്ന ഇലക്ട്രോണിക് സേവനം ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു.











