02:21am 11 June 2026
NEWS
പ്രായം തളർത്താത്ത ആരോഗ്യത്തിന് കായികക്ഷമത അനിവാര്യം: പ്രവാസികൾക്കിടയിൽ ഹോം വർക്കൗട്ടുകൾക്ക് പ്രിയമേറുന്നതായി ദോഹയിലെ ഫിറ്റ്നസ് വിദഗ്ധർ
10/06/2026  11:55 AM IST
പ്രായം തളർത്താത്ത ആരോഗ്യത്തിന് കായികക്ഷമത അനിവാര്യം: പ്രവാസികൾക്കിടയിൽ ഹോം വർക്കൗട്ടുകൾക്ക് പ്രിയമേറുന്നതായി ദോഹയിലെ ഫിറ്റ്നസ് വിദഗ്ധർ

പി വി എ നാസർ 


​ദോഹ:പ്രായമാകുന്തോറും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പതിവായ ശാരീരിക വ്യായാമങ്ങൾ അത്യാവശ്യമാണെന്ന് ദോഹയിലെ ആരോഗ്യ-ഫിറ്റ്നസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിത്തിരക്കുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും കാരണം പലപ്പോഴും വ്യായാമത്തിന്റെ തീവ്രതയിൽ കുറവുണ്ടാകാറുണ്ടെങ്കിലും നടത്തം, നീന്തൽ, നൃത്തം (സൽസ, സുംബ) എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ അകറ്റിനിർത്താൻ സഹായിക്കും. സുംബ, സൽസ തുടങ്ങിയ നൃത്തങ്ങൾ ശരീരത്തിൽ എൻഡോർഫിൻ (Endorphins) ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ഒരാളെ ശാരീരികമായും മാനസികമായും സന്തോഷഭരിതനാക്കാൻ സഹായിക്കും. പ്രായമേറുമ്പോൾ പേശികൾക്ക് കൃത്യമായ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. നടുവേദന, സന്ധി വേദന എന്നിവ ഒഴിവാക്കാനും മാനസികാരോഗ്യം നിലനിർത്താനും  സഹായിക്കുമെന്ന് വ്യായാമങ്ങളിൽ നൃത്തത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഡോ. ഗയാനെ വ്യക്തമാക്കുന്നു.
വ്യായാമം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും വാണിജ്യ ജിമ്മുകളിലേക്ക് (Commercial Gyms) പോകാൻ പല മുതിർന്ന ആളുകളും മടിക്കുന്നതായി ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കോച്ച് മാർട്ട പറയുന്നു. "ഖത്തറിലെ ഭൂരിഭാഗം വാണിജ്യ ജിമ്മുകളിലും മുതിർന്ന പൗരന്മാർക്കായി പ്രത്യേക പ്രോഗ്രാമുകൾ ലഭ്യമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രായമായ ക്ലയന്റുകളിൽ ഭൂരിഭാഗവും വീട്ടിൽ ഇരുന്ന് പരിശീലിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവിടെയാണ് അവർക്ക് കൂടുതൽ കംഫർട്ട് അനുഭവപ്പെടുന്നത്," മാർട്ട വ്യക്തമാക്കി.പലരും ജിമ്മുകളെ അനാവശ്യമായ സമ്മർദ്ദവും മുൻവിധികളും നിറഞ്ഞ ഒരിടമായാണ് കാണുന്നതെന്ന് ഹെൽത്ത് ആൻഡ് വെൽനസ് കോച്ചായ സീന മുർതാദ പറഞ്ഞു. ശരിയായ ആശയവിനിമയമില്ലെങ്കിൽ ജിം അന്തരീക്ഷം ആളുകളിൽ ഭയമുണ്ടാക്കും.
​വ്യായാമം ചെയ്യുന്നത് തങ്ങളുടെ ശാരീരിക വേദനകൾ കൂട്ടുമോ എന്ന് ചിലർ ഭയപ്പെടുമ്പോൾ, മറ്റുചിലർ പെട്ടെന്ന് ഫലം കാണാത്തതുകൊണ്ട് ക്ഷമ നശിച്ച് പിന്മാറുന്നു. വ്യായാമം എന്നത് വെറും ബാഹ്യസൗന്ദര്യം കൂട്ടാൻ മാത്രമല്ല, മറിച്ച് മികച്ച രീതിയിൽ ജീവിക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് ആളുകൾ തിരിച്ചറിയുമ്പോൾ, അവർ അത് ജീവിതചര്യയുടെ ഭാഗമാക്കാൻ തുടങ്ങും," സീന കൂട്ടിച്ചേർത്തു.
​ഖത്തറിലെ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കായികക്ഷമത നിലനിർത്തുന്നത് വ്യക്തികളുടെ സ്വയംപര്യാപ്തതയ്ക്കും മാനസിക ഉല്ലാസത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img