നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ന്റെ കീഴിലുള്ള MANAGE-FISHubയും, കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (KUFOS) ബിസിനസ് ഇൻക്യൂബേഷൻ സെന്ററും സംയുക്തമായി “ഫിഷറീസ് സ്റ്റാർട്ടപ്പ് & ആക്വാപ്രണേർഷിപ്പ് സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റ്” കുഫോസ് കൊച്ചി ക്യാമ്പസ്സിൽ സംഘടിപ്പിച്ചു.
ഇന്ത്യ ലോകത്തിലെ മത്സ്യ ഉൽപാദക മേഖലയിൽ മുൻപന്തിയിലുള്ള രാജ്യമായിട്ടും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സാധ്യതകളുള്ള മേഖലയായിട്ടും, ഫിഷറീസ് സെക്ടറിലെ കെസിസി (KCC) ക്രെഡിറ്റ് സംവിധാനം പര്യാപ്തമായി ഉപയോഗിക്കപ്പെടുന്നില്ല എന്നതടക്കമുള്ള വെല്ലുവിളികൾ പരിപാടിയിൽ ചർച്ചയായി. ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം സ്റ്റാർട്ടപ്പുകളിലൂടെ മാത്രമേ സാധ്യമാകൂ എന്നും, പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫിഷറീസ് മേഖലയെ മുന്നോട്ട് നയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയും എന്നും വക്താക്കൾ അഭിപ്രായപ്പെട്ടു.
ഇത്രയും സാധ്യതകളുള്ള മേഖലയായിട്ടും മത്സ്യക്കുഞ്ഞ് ഉൽപാദനത്തിലും മത്സ്യത്തീറ്റ ഉൽപാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും മത്സ്യത്തീറ്റയുമാണ് ഇപ്പോഴും വലിയ തോതിൽ ഉപയോഗിക്കുന്നത്. ഫിഷറീസ് മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം വളരെ കുറവാണ്. സംസ്ഥാന–കേന്ദ്ര സർക്കാരുകൾ നൽകുന്ന നിരവധി പിന്തുണ പദ്ധതികൾ പോലും ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തപ്പെടുന്നില്ല എന്നതും ചർച്ചയായി.
NABARD, കേരള ഫിഷറീസ് വകുപ്പ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവദങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഐസിഎആർ–സിഐഎഫ്‌ടി ഡയറക്ടർ ഡോ. ജോർജ് നിനാൻ സംസാരിക്കുകയും സാങ്കേതികവിദ്യ അധിഷ്ഠിതവും വിപണി കേന്ദ്രീകൃതവുമായ മത്സ്യ സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഡോ കെ ദിനേശ്, ഡോ രാധിക രാജശ്രീ, ഡോ ശരവണൻ രാജ്, ജിനേഷ് മാത്യു, ശ്രീമതി ബേബി ഷീജ കോഹൂർ, ഇ മനോജ്, രാജേഷ് കെ, മനോജ് ശ്രീകണ്ഠ, അജീഷ് ബാലു, വൃന്ദ പി സുനിൽ എന്നിവർ പങ്കെടുത്തു.
ഫിഷറീസ് മേഖലയിലെ സ്റ്റാർട്ടപ്പുകളെ മുന്നോട്ടുകൊണ്ടുവരുന്നതിൽ ഒരു നാഴികക്കല്ലായി ഈ സംഗമം മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.








