07:37am 14 July 2026
NEWS
ലോകത്തെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ കുഫോസ് ശാസ്ത്രജ്ഞരെ ഫിഷറീസ് മന്ത്രി ആദരിച്ചു
13/07/2026  04:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകത്തെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ കുഫോസ് ശാസ്ത്രജ്ഞരെ ഫിഷറീസ് മന്ത്രി ആദരിച്ചു
HIGHLIGHTS

ലോകത്തെ മികച്ച 5% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ഡോ. അഭിലാഷ് ശശിധരൻ, ഡോ. രാധിക രാജശ്രീ,  ഡോ എ ബിജുകുമാർ( വൈസ് ചാൻസലർ, കുഫോസ്), ഡോ രാജീവ്‌ രാഘവൻ, ഡോ ഗിരീഷ് ഗോപിനാഥ്.

2025-ലെ SciRank Global Scientist Index പ്രകാരം ലോകത്തെ മുൻനിര അഞ്ച് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. എ. ബിജു കുമാറിനെയും സർവകലാശാലയിലെ അധ്യാപകരായ ഡോ. രാജീവ് രാഘവൻ, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. രാധിക രാജശ്രീ, ഡോ. അഭിലാഷ് ശശിധരൻ എന്നിവരെയും കേരള മത്സ്യബന്ധന വകുപ്പ് മന്ത്രിയും കുഫോസ് പ്രോ-ചാൻസലറുമായ അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ ആദരിച്ചു.

കുഫോസ് മുഖ്യ ഓഡിറ്റോറിയത്തിൽ നടന്ന "Celebrating Excellence, Shaping the Future" പരിപാടിയിലായിരുന്നു ആദരം. ചടങ്ങിൽ അഡ്വ. ദീപക് ജോയ് എം.എൽ.എ., മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ പങ്കെടുത്തു.

ലോകോത്തര ഗവേഷണ നിലവാരത്തിലും അക്കാദമിക മികവിലും കുഫോസ് കൈവരിച്ച മുന്നേറ്റത്തിന്റെ അംഗീകാരമാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. ആഗോള ഗവേഷണരംഗത്ത് കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ സർവകലാശാലയുടെ സംഭാവന നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ ഇന്ത്യയിലെ പ്രമുഖ ജലജീവശാസ്ത്രജ്ഞനും മത്സ്യശാസ്ത്രജ്ഞനുമാണ്. 30 പുസ്തകങ്ങളും 300-ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2024-ലെ Elsevier–Stanford University ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു. ആഴക്കടൽ മത്സ്യങ്ങളിലെ കോപ്പിപോഡ് പരാദജീവികളുടെ 60-ലധികം പുതിയ സ്പീഷീസുകളും 11 പുതിയ ജനുസുകളും ഒരു പുതിയ കുടുംബവും ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഗവേഷണസംഭാവനകളിലുൾപ്പെടുന്നു.

ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജീവ് രാഘവനാണ് കുഫോസിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് നേടിയത്. 2021 മുതൽ തുടർച്ചയായി Elsevier–Stanford University ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. Nature ഉൾപ്പെടെയുള്ള പ്രമുഖ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചവ ഉൾപ്പെടെ 200-ലധികം ഗവേഷണപ്രബന്ധങ്ങളുടെ രചയിതാവായ അദ്ദേഹം ശുദ്ധജല മത്സ്യങ്ങളുടെ വർഗ്ഗീകരണം, സിസ്റ്റമാറ്റിക്സ്, സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുണ്ട്.

ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം വിഭാഗം മേധാവിയായ ഡോ. ഗിരീഷ് ഗോപിനാഥ് ഹൈഡ്രോജിയോളജി, റിമോട്ട് സെൻസിങ്, ജിഐഎസ് എന്നീ മേഖലകളിലെ ഗവേഷകനാണ്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ കേരളത്തിലെ മണ്ണിടിച്ചിൽ സാധ്യതാ മേഖലകൾ കണ്ടെത്തുന്നതിനും ഹൈപ്പർസ്പെക്ട്രൽ റിമോട്ട് സെൻസിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി ഡീനായ ഡോ. രാധിക രാജശ്രീ സമുദ്രവിഭവങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ, നാനോ ബയോകോംപോസിറ്റുകൾ, ജൈവവിഘടനശേഷിയുള്ള ഫിലിമുകൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ശ്രദ്ധേയയാണ്. നീതി ആയോഗിന്റെ ധനസഹായത്തോടെ കുഫോസിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ മത്സ്യമേഖലാ ATAL Incubation Centre-ന്റെ കോർഡിനേറ്ററുമാണ്.

ശാസ്ത്രജ്ഞരുടെ ഗവേഷണ സ്വാധീനം, പ്രസിദ്ധീകരണങ്ങൾ, ഉദ്ധരണികൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള ഗവേഷകരെ വിലയിരുത്തുന്ന സ്വതന്ത്ര ശാസ്ത്രമെട്രിക്സ് സ്ഥാപനമാണ് SciRank Global.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img