10:10pm 11 September 2026
NEWS
മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകും ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ
11/09/2026  08:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകും ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ
HIGHLIGHTS

മത്സ്യ തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന മത്സ്യ വിപണന വാഹനം ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ  ഫ്ലാഗ് ഓഫ് ചെയ്യുന്നു

​സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്കും തീരദേശ വികസനത്തിനും പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു.പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം, കടലാമ സംരക്ഷണത്തിനുള്ള 'ടെഡ്' (TED) ഉപകരണങ്ങൾ, മത്സ്യ വിപണന കിയോസ്ക്കുകൾ എന്നിവയുടെ വിതരണം, മത്സ്യഫെഡ് 'മികവ് 2026' വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരദേശ മേഖല (കോസ്റ്റൽ ബെൽറ്റ്) വികസിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ 50 കോടി രൂപയുടെ സബ്‌പ്ലാൻ ഉൾപ്പെടെ വൻതുകയാണ് വകുപ്പിനായി മാറ്റിവെച്ചിട്ടുള്ളത്. വകുപ്പിന്റെ വിവിധ വികസന ആവശ്യങ്ങൾക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവർക്കായി പ്രത്യേക ഭവന പദ്ധതി രൂപകൽപ്പന ചെയ്തു വരികയാണ്. നിലവിലുള്ള 'പുനർഗേഹം' പദ്ധതി വഴി വീടിനും സ്ഥലത്തിനുമായി നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായം കാലോചിതമായി പരിഷ്കരിക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് ഇതിനോടകം പൂർത്തീകരിച്ചത്.

​മത്സ്യബന്ധന മേഖലയുടെ പ്ലാൻ വിഹിതം നിലവിലുള്ള 1.76 ശതമാനത്തിൽ നിന്നും 5 ശതമാനമായി ഉയർത്തുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിനായി 'ബ്ലൂ എക്കോണമി' ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമേ എല്ലാ പുതിയ പദ്ധതികളും നടപ്പിലാക്കൂ എന്നും പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ അവർ തന്നെയായിരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.ചടങ്ങിൽ കടലാമകളുടെ സംരക്ഷണത്തിനായുള്ള 'റ്റെഡ്' (TED) വിതരണവും, മത്സ്യ വിപണന കിയോസ്കുകളുടെ താക്കോൽ ദാനവും, മത്സ്യ വിപണന വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.

​തുടർന്ന്, 2025-26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 40 വിദ്യാർത്ഥികൾക്ക് 5,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 'മികവ് 2026' വിദ്യാഭ്യാസ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. മത്സരപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ച മന്ത്രി, അവരുടെ ഭാവി വിദ്യാഭ്യാസത്തിന് ആശംസകൾ നേരുകയും ചെയ്തു.

​നായരമ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ടോണി ചമ്മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യഫെഡ് എം.ഡി അജിത് കോളശ്ശേരി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി ക്ലീറ്റസ്, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img