
തിരുവനന്തപുരം: മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മൻവിളാകം തറവാട് നിന്നിരുന്ന മണ്ണിൽ സ്വകാര്യ മത്സ്യമാർക്കറ്റ് നിർമ്മിക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹവും സാംസ്കാരിക കേരളത്തിന് അപമാനവുമാണെന്ന് സാംസ്കാരിക സംഘടനകൾ പ്രസ്താവനയിൽ അറിയിച്ചു.
നവോത്ഥാന നായകന്റെ സ്മരണകൾ പവിത്രമായി സൂക്ഷിക്കേണ്ട ഇടം കേവലം കച്ചവട താല്പര്യങ്ങൾക്കായി വിട്ടുനൽകുന്നത് അംഗീകരിക്കാനാവില്ല. ചരിത്രസ്മാരകമാകേണ്ട മണ്ണിൽ ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ നമ്മുടെ പൈതൃകത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
അധികൃതരുടെ ഒത്താശയോടെയും നിയമങ്ങൾ ലംഘിച്ചും നടത്തുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കാൻ സർക്കാർ തയ്യാറാകണം.
കവിയുടെ ഓർമ്മയ്ക്കായി ഈ ഭൂമി ഏറ്റെടുത്ത് അവിടെ ഉചിതമായ ഒരു സ്മാരകം പണിയാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
നമ്മുടെ സാംസ്കാരിക ഉന്നതിയെക്കുറിച്ച് ഊറ്റം കൊള്ളുന്ന മലയാളിക്ക് സ്വന്തം ചരിത്രഭൂമി സംരക്ഷിക്കാനായില്ലെങ്കിൽ അത് വരുംതലമുറയോട് ചെയ്യുന്ന വഞ്ചനയാണ്.
നമ്മുടെ മഹാരഥന്മാരുടെ സ്മരണകളെ കച്ചവടവൽക്കരിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്നും ഈ വിഷയത്തിൽ ഉചിതമായ നടപടികൾ ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്നും പ്രസ്താവനയിലൂടെ അവർ വ്യക്തമാക്കി.










