12:15am 18 November 2026
NEWS
നദിയിൽ ‘സോംബി മത്സ്യങ്ങൾ’; ശരീരമാകെ വ്രണങ്ങളും കുമിളകളും; ഖനനമാലിന്യങ്ങൾ കാരണമെന്ന സംശയം
17/11/2026  09:42 PM IST
nila
നദിയിൽ ‘സോംബി മത്സ്യങ്ങൾ’; ശരീരമാകെ വ്രണങ്ങളും കുമിളകളും; ഖനനമാലിന്യങ്ങൾ കാരണമെന്ന സംശയം

ബാങ്കോക്ക്: ശരീരമാകെ കുമിളകളും വ്രണങ്ങളും നിറഞ്ഞ നിലയിൽ മത്സ്യങ്ങളെ കണ്ടെത്തിയതോടെ തായ്‌ലൻഡിലെ മെക്കോങ് നദിയിൽ പരിസ്ഥിതി ആശങ്ക ശക്തമാകുന്നു. അസാധാരണമായ രോഗലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ക്യാറ്റ്ഫിഷുകളെ പ്രദേശവാസികൾ ‘സോംബി മത്സ്യങ്ങൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. നദിയുടെ മുകൾഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ഖനനമാലിന്യങ്ങൾ ജലത്തിൽ കലരുന്നതാകാം ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം.

ആർസനിക് ഉൾപ്പെടെയുള്ള വിഷലോഹങ്ങളുടെ സാന്നിധ്യം നദീജലത്തിൽ വർധിച്ചിട്ടുണ്ടാകാമെന്നാണ് ആശങ്ക. എന്നാൽ മത്സ്യങ്ങളിൽ കാണപ്പെടുന്ന അസാധാരണമായ രോഗലക്ഷണങ്ങളുടെ യഥാർഥ കാരണം ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.

‘പ്ലാ ഖേ’ എന്നറിയപ്പെടുന്ന ക്യാറ്റ്ഫിഷുകളുടെ ചിത്രങ്ങൾ പരിസ്ഥിതി പ്രവർത്തകയായ ഓംബുൻ തിപ്‌സുനയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കോവിഡ് മഹാമാരിക്കുശേഷം സമാനമായ രീതിയിൽ രോഗലക്ഷണങ്ങളുള്ള മത്സ്യങ്ങളെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞതായി തായ് മാധ്യമമായ ഈജാൻ റിപ്പോർട്ട് ചെയ്തു.

പ്രദേശവാസികളിൽനിന്നും മത്സ്യത്തൊഴിലാളികളിൽനിന്നുമായി ശേഖരിച്ച അറുപതോളം മത്സ്യങ്ങളെ വിശദമായ പരിശോധനയ്ക്കായി നരേസുവാൻ സർവകലാശാലയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ ആറെണ്ണത്തിന്റെ ശരീരത്തിൽ വ്യക്തമായ കുമിളകളും വ്രണങ്ങളും കണ്ടെത്തി. 30 മുതൽ 40 വരെ മത്സ്യങ്ങളിൽ ചിറകുകളിലും വാലിലും ചുവപ്പുനിറം, ചെറിയ കുമിളകൾ തുടങ്ങിയ പ്രാഥമിക രോഗലക്ഷണങ്ങളും നിരീക്ഷിച്ചു.

60 കിലോഗ്രാം വരെ ഭാരമുണ്ടാകുന്ന വിലപിടിപ്പുള്ള മത്സ്യവിഭാഗമാണ് പ്ലാ ഖേ. എന്നാൽ വളർച്ച പൂർത്തിയാകുന്നതിനുമുമ്പ് തന്നെ രോഗബാധയേറ്റ് ഇവ ചത്തൊടുങ്ങുന്നത് മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. നദിയിൽ അവശേഷിക്കുന്ന മത്സ്യങ്ങളുടെ ആരോഗ്യനിലയും കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യങ്ങളുടെ ആരോഗ്യപ്രശ്നം മാത്രമല്ല, നദീജലം ആശ്രയിക്കുന്ന മനുഷ്യരിലേക്കും മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യാപിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. നദിക്കരയിലെ ഏഴ് പ്രവിശ്യകളിലായി ഏകദേശം 2500 പമ്പിങ് സ്റ്റേഷനുകളാണ് മെക്കോങിൽനിന്ന് വെള്ളം ശേഖരിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ചുള്ള കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് കാർഷിക ഉൽപന്നങ്ങളും ബാങ്കോക്കിന് സമീപത്തെ സീ മും മുവാങ്, തലാദ് തായ് തുടങ്ങിയ പ്രധാന വിപണികളിലും എത്തുന്നുണ്ട്.

മെയ് മാസത്തിൽ ചിയാങ് ഖാൻ, നോങ് ഖായ് മേഖലകളിൽനിന്ന് ശേഖരിച്ച രോഗബാധിത മത്സ്യങ്ങളെ നരേസുവാൻ സർവകലാശാലയിലെ ഗവേഷകർ പരിശോധിച്ചിരുന്നു. ആരോഗ്യമുള്ള മത്സ്യങ്ങളെ അപേക്ഷിച്ച് രോഗബാധിത മത്സ്യങ്ങളുടെ ശരീരത്തിൽ ഘനലോഹങ്ങളുടെ അളവ് കൂടുതലാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ഈ സാന്നിധ്യവും രോഗലക്ഷണങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പഠനങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ മെക്കോങ് ചൈനയിൽനിന്ന് ഉത്ഭവിച്ച് മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി വിയറ്റ്നാമിൽ എത്തിച്ചേരുന്നു. 60 ദശലക്ഷത്തിലധികം ജനങ്ങളാണ് കുടിവെള്ളം, കൃഷി, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ നദിയെ ആശ്രയിക്കുന്നത്. അതിനാൽ മത്സ്യങ്ങളിൽ കണ്ടെത്തിയ അസാധാരണ രോഗലക്ഷണങ്ങൾ മേഖലയിലെ പരിസ്ഥിതി സുരക്ഷയെക്കുറിച്ചും ജലമലിനീകരണത്തെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img