
മുളക്കുഴ: കാരയ്ക്കാട് പെട്രോൾ പമ്പിന് സമീപം പ്രവർത്തിച്ചിരുന്ന വഴിയോര മീൻകച്ചവട കേന്ദ്രത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച മത്സ്യങ്ങളും പുഴുവരിച്ച അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിച്ചു.
ഉപയോഗശൂന്യമായ മത്സ്യങ്ങൾ പുഴുവരിച്ച നിലയിലും അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്ന സാഹചര്യവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എട്ടാം വാർഡ് മെമ്പർ പ്രമോദ് കാരക്കാട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരിശോധനയിൽ പുഴുവരിച്ച മത്സ്യങ്ങളും മറ്റ് വൃത്തിഹീനമായ സാധനസാമഗ്രികളും കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന പെട്ടിവണ്ടിയും പഞ്ചായത്ത് പിടിച്ചെടുത്തു.
സ്ഥലത്ത് കണ്ടെത്തിയ വൃത്തിഹീനമായ മത്സ്യങ്ങളും പുഴുവരിച്ച അവശിഷ്ടങ്ങളും സംഭവസ്ഥലത്ത് തന്നെ നശിപ്പിച്ചു.
കൂടാതെ, സ്ഥാപന ഉടമയ്ക്ക് അനധികൃതമായി പ്രവർത്തിച്ചിരുന്ന കട പൊളിച്ചുമാറ്റുന്നതിനുള്ള നോട്ടീസ് നൽകുകയും നിയമപ്രകാരമുള്ള പിഴ
ഈടാക്കുന്നതിനും പഞ്ചായത്ത് തീരുമാനിക്കുകയും ചെയ്തു.
പരിശോധനയ്ക്കും നടപടികൾക്കും പഞ്ചായത്ത് പ്രസിഡന്റ് സജിത മനു, വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, സെക്രട്ടറി അജികുമാർ, അസി. സെകട്ടറി ലിസ,
ഏഴാം വാർഡ് മെമ്പർ രാജീവ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മാജിദ്, ഹരിതകർമ്മ സേന കോർഡിനേറ്റർ ചിക്കു , പോലീസ് എന്നിവർ നേതൃത്വം നൽകി.











