
സുൽത്താൻബത്തേരി: സി.എസ്.ഐ മലബാർ മഹാ ഇടവകയുടെ ചരിത്രത്തിൽ പുതുവഴി തുറന്ന് ആദ്യമായി രണ്ട് വനിതകൾ വൈദികപട്ടം സ്വീകരിച്ചു. തിരുവനന്തപുരം കണ്ണമൂല ഐക്യ വൈദിക സെമിനാരിയിലെ അധ്യാപിക സജു മേരി എബ്രഹാമും കോഴിക്കോട് സി.എസ്.ഐ. ഇംഗ്ലീഷ് പള്ളിയിലെ സഹവികാരി നിംഷി ഡേവിഡുമാണ് പ്രസ്ബിറ്റർ ഓർഡിനേഷൻ നേടി ശുശ്രൂഷാ രംഗത്തേക്ക് കടന്നത്. ഇവർക്കൊപ്പം കണ്ണൂർ മാടായി സി.എസ്.ഐ.യിലെ ഡീക്കൻ വിപിൻ ജോസഫും വൈദികപട്ടം സ്വീകരിച്ചു. സുൽത്താൻബത്തേരി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ നടന്ന ചടങ്ങിൽ മലബാർ മഹാ ഇടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടർ മുഖ്യകാർമികത്വം വഹിച്ചു.
വിശ്വാസിസമൂഹത്തെ നയിക്കുന്ന സ്ഥാനത്തേക്ക് എത്തിയെങ്കിലും സഭാ പാരമ്പര്യമനുസരിച്ച് ഇരുവരെയും ‘അച്ചൻ’ എന്നുതന്നെയാണ് അഭിസംബോധന ചെയ്യുക. തെക്കൻ കേരളം മേഖലയിലെ സി.എസ്.ഐ. രൂപതകളിൽ നേരത്തേ വനിതാ പ്രസ്ബിറ്റർമാർ ഉണ്ടായിരുന്നുവെങ്കിലും മലബാർ മഹാ ഇടവകയിൽ ഇതാദ്യമായാണ് വനിതകൾക്ക് ഈ അംഗീകാരം ലഭിക്കുന്നത്.
പത്തനംതിട്ട റാന്നി സ്വദേശിനിയായ സജു മേരി എബ്രഹാം എം.എസ്സി. ഫിസിക്‌സും ബൈബിൾ പുതിയനിയമത്തിൽ ഡോക്ടറേറ്റും നേടിയ വ്യക്തിയാണ്. 1997 മുതൽ സുവിശേഷവേലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അവർ കഴിഞ്ഞവർഷമാണ് സഭാ ശുശ്രൂഷയിലേക്ക് എത്തിയത്. നിലവിൽ അധ്യാപികയായി തുടരുന്ന സജു മേരി, നിശ്ചിത കാലാവധിക്ക് ശേഷം രൂപതയുടെ നിർദേശപ്രകാരം തുടർ ശുശ്രൂഷ നിർവഹിക്കുമെന്ന് പറഞ്ഞു.
വയനാട് നെടുങ്കരണ സ്വദേശിനിയായ നിംഷി ഡേവിഡ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എം. ഫിലോസഫി ബിരുദവും തുടർന്ന് ചെന്നൈ ഗുരുകുൽ സെമിനാരിയിൽ വൈദിക പഠനവും പൂർത്തിയാക്കി. ഡേവിഡ് സ്റ്റീഫന്റെയും അന്നക്കലയുടെയും മകളാണ്. ചടങ്ങിൽ മഹാ ഇടവക സെക്രട്ടറി കെന്നറ്റ് ലാസർ, ട്രഷറർ സി.കെ. ഷൈൻ, ക്ലർജി സെക്രട്ടറി ജേക്കബ് ഡാനിയൽ, സഭാസെക്രട്ടറി എൻ.എ. ബില്ലിഗ്രഹാം ഉൾപ്പെടെ നിരവധി സഭാ പ്രതിനിധികൾ പങ്കെടുത്തു.










