
കൊച്ചി: കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡ് എച്ച് എസ് എകോ ഫ്രൈറ്റര്‍ ശ്രേണിയിലെ ആദ്യ മള്‍ട്ടി-പര്‍പ്പസ് വെസല്‍ 'എംഎസ് ഹൈന്‍സ്' ജര്‍മ്മനിയിലെ എച്ച് എസ് ഷിഫാര്‍ട്ട്സ് യു ജി ആന്റ് കമ്പനി കെ ജിക്ക് കൈമാറി.
കൈമാറ്റവും അംഗീകാരവും സംബന്ധിച്ച പ്രോട്ടോക്കോള്‍ കൊച്ചിന് ഷിപ്യാര്ഡ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. എസ് ഹരികൃഷ്ണനും എച്ച് എസ് ഷിഫാര്‍ട്ട്സ് യു ജി ആന്റ് കമ്പനി കെ ജി ഡയറക്ടര്‍ ഹൈന്‍സ് ജോസഫ് ഷെപ്പേഴ്സും തമ്മില്‍ വിര്‍ച്വല്‍ ചടങ്ങിലൂടെ ഒപ്പുവച്ചു. ഉടമസ്ഥ സ്ഥാപനത്തിന്റെയും കൊച്ചിന് ഷിപ്യാര്ഡിന്റേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
നെതര്‍ലന്‍ഡ്സിലെ ഗ്രൂട്ട് ഷിപ്പ് ഡിസൈന്‍ ആണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തത്. ഡി എന്‍ വി ക്ലാസിഫിക്കേഷന്‍ നിയമങ്ങള്‍ അനുസരിച്ച് കൊച്ചിന് ഷിപ്യാര്‍ഡിലാണ് കപ്പല്‍ നിര്‍മിച്ചത്. 7,000 ഡിഡബ്ല്യുടി ശേഷിയുള്ള എച്ച് എസ് ഇക്കോ ഫ്രൈറ്റര്‍ മള്‍ട്ടി-പര്‍പ്പസ് വെസല്‍ ഐസ്-ക്ലാസ് കപ്പലാണ്. പ്രോജക്ട് കാര്‍ഗോ, ഹെവി കാര്‍ഗോ, സ്റ്റീല്‍ കോയിലുകള്‍, കണ്ടെയ്നറുകള്‍, മരം, പേപ്പര്‍, കല്‍ക്കരി, ധാന്യങ്ങള്‍ തുടങ്ങിയ ഡ്രൈ ബള്‍ക്ക് ചരക്കുകള്‍, അപകടകരമായ ചരക്കുകള്‍ എന്നിവ ലോകമെമ്പാടുമുള്ള വ്യാപാരത്തിനായി വഹിക്കാന്‍ ഈ കപ്പലിന് കഴിയും.
വേഗതയും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പ്പന ചെയ്ത 'ഗ്രൂട്ട് ക്രോസ്-ബോ' ഡിസൈന്‍ ഉള്ള റെയ്ക്ഡ് സ്റ്റം, ട്രാന്‍സം സ്റ്റേണ് എന്നിവയാണ് കപ്പലിന്റെ പ്രത്യേകത. ആറ് നീക്കാവുന്ന പാനലുകള്‍ ഘടിപ്പിച്ച ഒരൊറ്റ വലിയ കാര്‍ഗോ ഹോള്‍ഡാണ് കപ്പലിലുള്ളത്. ഇതിലൂടെ വിവിധ സ്ഥാനങ്ങളില്‍ ഗ്രെയിന്‍ ബള്‍ക്ക്ഹെഡുകള്‍ സ്ഥാപിക്കാനും ട്വീന്‍ ഡെക്ക് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ചരക്ക് ക്രമീകരണങ്ങള്‍ നടത്താനും സാധിക്കും.
മീഡിയം-സ്പീഡ് ഫോര്‍-സ്ട്രോക്ക് ഡീസല്‍ എന്‍ജിനും റിഡക്ഷന്‍ ഗിയര്‍ബോക്സിലൂടെ പ്രവര്‍ത്തിക്കുന്ന കണ്ട്രോളബിള് പിച്ച് പ്രൊപ്പല്ലറും ചേര്‍ന്നതാണ് കപ്പലിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം.
Photo Courtesy - Google







