
പശ്ചിമബംഗാളിൽ ഇക്കുറി പോസ്റ്റൽ വോട്ടുകൾ എണ്ണുക അവസാനം. ഇവിഎമ്മിലെ വോട്ടുകൾ എണ്ണിയ ശേഷം മാത്രം പോസ്റ്റൽ വോട്ടുകൾ എണ്ണാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ചരിത്രത്തിലാദ്യമായാണ് പോസ്റ്റൽ വോട്ടുകൾ അവസാനം എണ്ണുന്ന രീതി നടപ്പാക്കുന്നത്. ഇതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണുകയും പിന്നീട് ഇവിഎമ്മിലെ വോട്ടുകൾ എണ്ണുകയും ചെയ്യുന്നതായിരുന്നു രീതി.
ബംഗാളിൽ വ്യാപകമായ അട്ടിമറി ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് ഉയർത്തുന്നതിനിടെയാണ് പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് നിർണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. അതേസമയം, പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലും അട്ടിമറി ആരോപണം ഉയർത്തി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. പോളിങ്‌സ്‌റ്റേഷനുകൾക്ക് സമീപം വ്യാപകമായി വൈദ്യുതി മുടങ്ങുന്നുവെന്നും ഇത് അട്ടിമറി സൂചനയാണെന്നും മമത ബാനർജി വ്യക്തമാക്കി.
നാഡിയയിലെ കൃഷ്ണനഗർ, ബർദ്വാനിലെ ഔസ്ഗ്രാം തുടങ്ങിയ പല മണ്ഡലങ്ങളിലും സിസിടിവികൾ ഓഫ് ചെയ്ത സംഭവങ്ങളുണ്ടായെന്ന് മമത ബാനർജി ആരോപിച്ചു. സ്‌ട്രോങ് റൂമിന് സമീപത്ത് കൂടെ നിരന്തരമായി വാഹനങ്ങൾ പോകുന്നുണ്ടെന്നും പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ബിജെപിയുടെ ഭാഗത്ത് നിന്നാണ് ഇത്തരം നടപടികളുണ്ടാവുന്നതെന്നും മമത പറഞ്ഞു.










