
ദോഹ: തൊഴിൽ വിപണിയുടെ ഭാവി ആവശ്യങ്ങൾക്കനുസരിച്ച് മാനവവിഭവശേഷി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം പ്രഥമ 'ജി.സി.സി ലേബർ മാർക്കറ്റ് സ്കിൽസ് ഫോറം' സംഘടിപ്പിച്ചു. "ശാക്തീകരണത്തിൽ നിന്ന് നേതൃത്വത്തിലേക്ക്" (From Empowerment to Leadership) എന്ന പ്രമേയത്തിൽ ജി.സി.സി തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഓഫീസ്, ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (DUST) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫോറം. ഖത്തർ സ്വദേശിവൽക്കരണ പുരസ്കാര (Qatar Localization Award) ചടങ്ങിനോടനുബന്ധിച്ചാണ് പരിപാടി നടന്നുപോന്നത്.
തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ നജ്വ ബിന്ത് അബ്ദുൽ റഹ്മാൻ അൽ ഥാനി, ജി.സി.സി എക്സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ അൽ ഉബൈദ്ലി, സർവകലാശാലാ പ്രസിഡന്റ് ഡോ. സലേം ബിൻ നാസർ അൽ നഈമി തുടങ്ങിയ പ്രമുഖരും വിദഗ്ധരും പങ്കെടുത്തു. തൊഴിൽ വിപണിയിലെ ഡിജിറ്റൽ, എ.ഐ, ഗ്രീൻ ട്രാൻസ്ഫർമേഷൻ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സംയുക്ത നീക്കങ്ങൾ വേണമെന്ന് ഫോറം ആഹ്വാനം ചെയ്തു.










