
കൊച്ചി: ഒന്നാം ക്ളാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറുവയസ് തന്നെയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ആറുവയസ് തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്കും പ്രവേശനം അനുവദിക്കാൻ ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള (സി.സി.എസ്.കെ) സംഘടിപ്പിച്ച സ്‌കൂൾ മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും ജില്ലാതല യോഗത്തിൽ സി.ബി.എസ്.ഇ
പരീക്ഷാ കൺട്രോളർ, ഡോ . സന്യം ഭർദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020ഉം വിദ്യാഭ്യാസ അവകാശ നിയമവും (ആർ.ടി.ഇ) അനുസരിച്ച് ക്ലാസ് ഒന്ന് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാണെന്ന് അധികൃതർ ആവർത്തിച്ചു. നിശ്ചിതപ്രായത്തിന് മൂന്നുമാസം മുമ്പും മൂന്നുമാസം ശേഷവും പ്രവേശനം നൽകാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അക്കാഡമിക് കലണ്ടറുകളിലും പ്രവേശനരീതികളിലുമുള്ള വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനം സഹായകരമാകും.
പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ ബോർഡ് പരീക്ഷ എഴുതുന്നതിന് വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രായപരിധി സംബന്ധിച്ച അർഹത സംസ്ഥാന സർക്കാരുകളുടെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. കായികരംഗത്തെപ്പോലെ പ്രായം അക്കാഡമിക് പ്രകടനത്തെ നിർണയിക്കുന്ന ഘടകമല്ലാത്തതിനാൽ ഉൾക്കൊള്ളുന്നതും സൗകര്യപ്രദവുമായ സമീപനമാണ് സി.ബി.എസ്.ഇ പിന്തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.
2026–27 അദ്ധ്യയന വർഷത്തെ അക്കാഡമിക് തയ്യാറെടുപ്പുകൾ സി.ബി.എസ്.ഇയുടെ പുതുക്കിയ നയങ്ങൾക്കനുസരിച്ച് ശക്തിപ്പെടുത്താനാണ് യോഗം ചേർന്നത്. സി.സി.എസ്.കെ പ്രസിഡന്റും ഭവൻസ് കൊച്ചി കേന്ദ്ര ഡയറക്ടറുമായ ഇ. രാമൻകുട്ടി വാര്യർ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് (എൻ.സി.സി.എസ്) ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ അക്കാദമികവും ഭരണപരവുമായ പ്രധാന വിഷയങ്ങൾ വിവരിച്ചു. സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് അദ്ധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
സ്‌കൂളുകളുടെ അക്കാദമിക്, ഭരണപരമായ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്താൻ സംസ്ഥാനതല യോഗം ചേരാൻ തീരുമാനിച്ചു.








