
കേരള തീരത്തോട് ചേർന്ന് ചരക്കു കപ്പൽ തീപിടിച്ച സംഭവത്തിൽ പുറത്തുവരുന്നത് കേരളത്തെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ്. കപ്പലിലെ തീ ഇനിയും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കണ്ണൂർ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റർ മാത്രം ദൂരത്തിലാണ് തീപിടുത്തമുണ്ടായ കപ്പലുള്ളത്. ഇതിൽ 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എംവി വാൻ ഹായ് 503 എന്ന തായ്വാൻ കമ്പനിയുടെ കപ്പലിലെ കണ്ടെയ്നറുകളിൽ പൊട്ടിത്തെറിക്കാൻ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റർ രാസവസ്തുക്കളും ഇന്ധനവുമാണുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും കടുത്ത ആഘാതമേൽപ്പിക്കുന്നവയടക്കമുള്ള വസ്തുക്കളാണ് തീപിടിച്ച കപ്പലിലുള്ളത് എന്നത് കേരളത്തിൽ ആശങ്ക വർധിപ്പിക്കുന്നു.
ട്രൈക്ലോറോബെൻസിൻ, ട്രൈഈഥൈലിൻ ടെട്രാമൈൻ, ഡയാസിറ്റോൺ ആൽക്കഹോൾ,ബെൻസോഫീനോൺ, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിൻ, കീടനാശിനികൾ, പെയിന്റ് തുടങ്ങിയ വസ്തുക്കൾ ടൺ കണക്കിനാണ് കണ്ടെയ്നറുകളിലുള്ളത്. ഈ വസ്തുക്കൾ കടലിൽ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, കപ്പലിലെ തീ അണയ്ക്കുക എന്നത് അത്ര ലളിതമായ പ്രക്രിയയല്ല. കപ്പലിന്റെ മധ്യഭാഗം മുതൽ ജീവനക്കാർ താമസിക്കുന്ന ബ്ലോക്കിന് മുന്നിലുള്ള കണ്ടെയ്നർ ഭാഗം വരെ തീയും സ്ഫോടനങ്ങളും തുടരുകയാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മുൻഭാഗത്തെ തീപിടുത്തം ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടുത്ത പുക രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കപ്പൽ ഏകദേശം 10 മുതൽ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണതായി റിപ്പോർട്ടുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. കോസ്റ്റ്ഗാർഡ് കപ്പലുകൾ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിലും പരിസരം തണുപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നതായും അധികൃതർ അറിയിച്ചു.
‘എംവി വാൻ ഹായ് 503’ ഫീഡർ കപ്പലിലാണ് അഗ്നിബാധയുണ്ടായത്. സിങ്കപ്പൂരിൽ രജിസ്റ്റർചെയ്ത തയ്വാൻ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോകുകയായിരുന്നു ഈ കപ്പൽ.











