
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ബംഗ്ലാവിൽ നിന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കണക്കിൽപെടാത്ത നോട്ടുകെട്ടുകളുടെ ശേഖരം കണ്ടെത്തിയ സംഭവം ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്ന സംഭവമെന്ന് സുപ്രീംകോടതി കൊളീജിയത്തിലെ ചിലം അംഗങ്ങൾ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബംഗ്ലാവിൽ നിന്നാണ് കണക്കിൽപെടാത്ത പണം കണ്ടെത്തിയത്. സംഭവത്തിന്റെ ഹൗരവം മനസിലാക്കി വ്യാഴാഴ്ച്ച രാത്രി തന്നെ സുപ്രീംകോടതി കൊളീജിയം യോഗം ചേരുകയായിരുന്നു.
ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീം കോടതി കൊളീജിയം യോഗത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കിയാൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. യശ്വന്ത് വർമ്മയിൽനിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. രാജിക്ക് തയ്യാറായില്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും കൊളീജിയം യോഗത്തിൽ ഉയർന്നു.
വ്യാഴാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുഗ്ലക്ക് റോഡിലെ വസതിയിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക ബംഗ്ലാവിൽ നിന്നാണ് പണം കണ്ടെടുത്തത്. സംഭവം നടക്കുമ്പോൾ ജസ്റ്റിസ് വർമ്മ നഗരത്തിലില്ലായിരുന്നു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അഗ്നിശമന സേനയെയും പോലീസിനെയും വിളിച്ചു. തീ അണച്ച ശേഷം നാശനഷ്ടങ്ങൾ വിലയിരുത്താൻ നടത്തിയ പരിശോധനയിലാണ് ഒരു മുറിയിൽ നിന്നും പണം കണ്ടെത്തിയത്.











