
വടക്കാഞ്ചേരി: ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി ഗുരുതരാവസ്ഥയിലെത്തിയ 45-കാരന് രക്ഷയായി വടക്കാഞ്ചേരി അഗ്‌നിരക്ഷാസേന. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുമായി ചേർന്ന് നടത്തിയ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉപകരണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തത്.
ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്. പള്ളിപ്പുറം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ജനനേന്ദ്രിയത്തിൽ 22 സൈസ് മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങിയതിനെ തുടർന്ന് മൂത്രമൊഴിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിയ സേനാംഗങ്ങൾ ഇലക്ട്രിക് കട്ടറും ബോൾട്ട് കട്ടറും ഉപയോഗിച്ച് സൂക്ഷ്മമായി സ്പാനറും വളയവും മുറിച്ചുമാറ്റി. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം രോഗിയെ തുടർചികിത്സയ്ക്കായി ഡോക്ടർമാർക്ക് കൈമാറി.
സങ്കീർണമായ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ അഗ്‌നിരക്ഷാസേനാംഗങ്ങളെ ആശുപത്രി അധികൃതരും ഡോക്ടർമാരും അഭിനന്ദിച്ചു.
സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷ്, സീനിയർ ഓഫീസർ ഷിന്റു, ഓഫീസർമാരായ കെ.എൻ. മുരളീധരൻ, ഷിബു അഭിജിത്ത്, അഖിൽ അജിത്ത്, അക്ഷയ പുരുഷ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത്ത് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.










