
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വഹിക്കുന്ന ഫിൻലൻഡ് മൂന്നു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നു. രാഷ്ട്രീയ അസ്ഥിരത ഉയർന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫിൻലൻഡ് എംബസികൾ 2026ൽ പൂട്ടും. ഈ രാജ്യങ്ങളുമായി വാണിജ്യബന്ധമില്ലാത്തതിനാൽ തന്ത്രപ്രധാന പങ്കാളികളിലേക്കാണ് ഇനി ശ്രദ്ധ തിരിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ അറിയിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷവും അവിടങ്ങളിലെ രാഷ്ട്രീയ–സാമ്പത്തിക അനിശ്ചിതത്വവും തീരുമാനത്തിൽ നിർണായകമായി. ഫിൻലൻഡ് ഇതിനകം യുഎസിലെ ഹ്യൂസ്റ്റണിൽ പുതിയ കോൺസുലേറ്റ് തുറന്നിട്ടുണ്ട്.
അതേസമയം, ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഫിൻലൻഡ് താൽപര്യം പ്രകടിപ്പിച്ചു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ തീരുവ വർധിപ്പിക്കണമെന്ന ട്രംപിന്റെ നിലപാട് ഫിൻലൻഡ് നേരത്തെ തന്നെ തള്ളിയിരുന്നു. ഇന്ത്യ ഉയർന്നുവരുന്ന മഹാശക്തിയാണെന്നും വ്യാപാരകരാർ വേഗത്തിൽ നടപ്പിലാക്കുക ലക്ഷ്യമാണെന്നും ഫിൻലൻഡ് നേതാക്കൾ വ്യക്തമാക്കി.










