
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷക്കണക്കിന് രൂപയുടെ പിഴ ഒഴിവാക്കാൻ നീക്കം. സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തിയിരുന്നത്. ഈ പിഴകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു നിയമോപദേശം തേടി.
സംസ്ഥാനത്തെ 18 ആർടി ഓഫിസുകളിലെയും 86 ജോയിന്റ് ആർടി ഓഫിസുകളിലെയും ഉദ്യോഗസ്ഥരാണ് എഐ ക്യാമറകളിൽ കുടുങ്ങിയത്. ചെറിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് പോലും സാധാരണക്കാർക്ക് വലിയ തുക പിഴ ചുമത്തുന്ന അതേ ഉദ്യോഗസ്ഥർ തന്നെയാണ് നിയമലംഘകരായിരിക്കുന്നത്.
പിഴ ഒഴിവാക്കുന്നതിനായി ഈ കേസുകൾ പിൻവലിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചാണ് ഗതാഗത കമ്മിഷണർ നിയമോപദേശം തേടിയത്. പ്രോസിക്യൂഷൻ കേസുകൾ പിൻവലിക്കുന്നതിന് പൊതുതാൽപര്യം ഉണ്ടാകണം. കൂടാതെ, പിൻവലിക്കാൻ അനുയോജ്യമായ കേസുകളാണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ ബോധ്യപ്പെടുത്തുകയും വേണം. മുൻപ് നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, പൊതുതാൽപര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളിയിരുന്നു. അതിനാൽ, സ്വന്തം ഉദ്യോഗസ്ഥരുടെ കേസുകൾ ഒതുക്കാനുള്ള ഈ നീക്കത്തിന് തിരിച്ചടി നേരിടാനാണ് സാധ്യത.
നിയമോപദേശം ലഭിച്ചതിന് ശേഷം ഗതാഗത മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇത്തരം കേസുകളിൽ പ്രോസിക്യൂഷൻ പിൻവലിക്കാൻ കഴിയുമോ എന്നതും പരിശോധിക്കും.











