
കോഴിക്കോട്: ലൈംഗികപീഡനക്കേസിൽ ‘അറബി അസൈനാർ’ എന്നറിയപ്പെടുന്ന 66കാരൻ പോലീസ് പിടിയിൽ. അറബിയിൽ നിന്നും സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. അരീക്കോട് വടക്കുമുറി സ്വദേശിയായ നടുവത്ത് ചാലിൽ അസൈനാറിനെ ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്നാണ് പിടികൂടിയത്.
നവംബർ 25-നുണ്ടായ സംഭവത്തിലാണ് കേസ്. പന്നിയങ്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. നിലമ്പൂരിലേക്ക് കൊണ്ടുപോയി അവിടെ ഒരു ‘അറബി’യെ പരിചയപ്പെടുത്തി സ്വർണ്ണവും പണവും ലഭ്യമാക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടിയെടുത്തത്. തുടർന്ന് ലോഡ്ജിൽ എത്തിച്ച ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും 14,500 രൂപയും മൊബൈൽ ഫോണും കവർന്നെടുത്ത് ഒളിവിൽ പോവുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ‘അറബി കല്യാണം’ എന്ന പേരിൽ സമാന തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. കാസർകോട്, മംഗലാപുരം മേഖലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവിൽ പോലീസ് പിടികൂടി. പിടിയിലാകുമ്പോൾ തന്നെ മറ്റൊരു യുവതിയെ ഇതേ രീതിയിൽ വഞ്ചിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു.











