
കർണാടകം : പ്രചാരണവേളയിൽ വോട്ടർമാർക്ക് നൽകിയ അഞ്ച് സൗജന്യ വാഗ്ദാനങ്ങളാണ് 2023 ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ച പ്രധാനഘടകം. സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുമെന്നതായിരുന്നു അഞ്ച് വാഗ്ദാനങ്ങളിൽ ഒന്ന്. 2023 ജൂലൈ മുതൽ ആ ആനുകൂല്യം ഗവണ്മെന്റ് നൽകിവരുന്നുണ്ട്. ലക്ഷക്കണക്കിന് സ്ത്രീകളാണ് സാധാരണ യാത്രകൾക്ക് പുറമെ കൂട്ടായി ആസൂത്രണം ചെയ്ത് തീരുമാനിക്കുന്ന തീർത്ഥയാത്രകൾക്കും ഉല്ലാസയാത്രകൾക്കും മറ്റും ഈ സൗജന്യം പ്രയോജനപ്പെടുത്തുന്നത്. ഗതാഗതവകുപ്പിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഈ സൗജന്യ യാത്രാസംവിധാനം ശാസ്ത്രീയമോ ഉചിതമോ അല്ലെന്ന പരാതി അക്കാലത്തുതന്നെ ഉയർന്നിരുന്നു. എന്നാൽ സ്ത്രീജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ നിന്ന് പിറകോട്ടുപോകാൻ ഗവണ്മെന്റിന് സാധിക്കുമായിരുന്നില്ല. വരുമാനത്തിലുണ്ടായ ഇടിവ് ബസ് സർവ്വീസിന്റെ സുഗമമായ നടത്തിപ്പിനെയും നവീകരണ പ്രക്രിയയെയും ദോഷമായി ബാധിച്ചു. കെഎസ്ആർടിസി, നോർത്ത് വെസ്റ്റ് ആർടിസി, കെകെആർടിസി, ബിഎംടിസി എന്നീ നാല് ട്രാൻസ്‌പോർട്ട് കോർപറേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഏപ്രിൽ-നവംബർ കാലയളവിൽ നാലു കോർപറേഷനുകളുടെയും മൊത്തവരുമാനം 8418.46 കോടിയായിരുന്നു. ചെലവാക്കട്ടെ 9511.95 കോടിയും. നഷ്ടം താങ്ങാനാവാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ്ജ് പതിനഞ്ച് ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. ചാർജ്ജ് വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതിനെതിരെ ജനരോഷം ശക്തമാണെങ്കിലും ചാർജ്ജ് വർധനവല്ലാതെ ഗവണ്മെന്റിന് മറ്റു പോംവഴിയില്ല. ദീർഘദൂരയാത്രയ്ക്ക് പതിനഞ്ചു ശതമാനം വർധനവാണെങ്കിലും ഹ്രസ്വയാത്രയ്ക്ക് വർദ്ധനവ് അതിലും കൂടും. ബംഗളുരുവിൽ സാധാരണ ബസ്സുകൾക്ക് മിനിമം ചാർജ്ജ് അഞ്ചുരൂപയാണ്. അത് ആറുരൂപയായി ഉയർത്തുമ്പോൾ വർദ്ധനവ് ഇരുപത് ശതമാനമാവും. കോർപറേഷനുകളുടെ വരുമാനത്തിന്റെ തൊണ്ണൂറ് ശതമാനം ഡീസൽ വാങ്ങുന്നതിനും ജീവനക്കാരുടെ ശമ്പളത്തിനുമായി നീക്കിവെക്കേണ്ടതുണ്ട്. വായ്പകൾ തിരിച്ചടക്കാനും ബസ്സുകളുടെ അറ്റകുറ്റപണികൾക്കും പുതിയ ബസ്സുകൾ വാങ്ങാനും ബാക്കി മതിയാവില്ല. ഡിസംബർ 31വരെ യുള്ള കോർപറേഷനുകളുടെ കടബാധ്യത 6520.14 കോടിയാണ്. ചാർജ്ജ് വർധനവിലൂടെ പ്രതിമാസ നഷ്ടം ഒരു പരിധിവരെ നിയന്ത്രിക്കാമെന്നല്ലാതെ വായ്പാബാധ്യതകളും കുടിശ്ശികകളും തീർക്കാനാവില്ല. ഗവണ്മെന്റ് ഗ്യാരണ്ടിയിൽ 2000 കോടി കടമെടുക്കാൻ കോർപറേഷനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ ചാർജ്ജ് വർധിപ്പിച്ച സിദ്ധരാമയ്യഗവണ്മെന്റിന്റെ നടപടി ജനവികാരം എതിരാക്കിയിട്ടുണ്ട്.
Photo Courtesy - Google











