11:13pm 01 July 2026
NEWS
2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ; ലഹരി ഇടപാടിന് ഖദീജയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തൽ
01/07/2026  04:18 PM IST
nila
2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ; ലഹരി ഇടപാടിന് ഖദീജയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തൽ

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നായ മുക്കം ലഹരിക്കേസിൽ ഫാഷൻ ഡിസൈനറായ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ (36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുത്താലത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1.789 കിലോ എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ കേസിൽ പിടിച്ചെടുത്ത ആകെ ലഹരിമരുന്നിന്റെ അളവ് 2.306 കിലോയായി ഉയർന്നു. പിടിച്ചെടുത്ത അളവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ കേസുകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. കേസിൽ ബേപ്പൂർ സ്വദേശിനി റൈഹാനത്ത് (45) നേരത്തേ അറസ്റ്റിലായിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ പങ്ക് വ്യക്തമായത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഖദീജയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഇതിനിടെ മേയ് 23ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ ട്രെയിനിൽ നിന്ന് ചാടി മുഹമ്മദ് ഹനീഫ രക്ഷപ്പെട്ടിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പത്ത് ദിവസത്തിനിടെ ഖദീജ പലതവണയായി ഒന്നര ലക്ഷത്തിലധികം രൂപ ഹനീഫയ്ക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് കർണാടകയിലെ കലബുറഗിയിൽ നിന്നാണ് ഹനീഫയെ വീണ്ടും പൊലീസ് പിടികൂടിയത്.

കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഖദീജയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായ മൂന്ന് പ്രതികളിൽ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിസംഘത്തിന്റെ ശൃംഖല കൂടുതൽ വ്യാപിപ്പിച്ച് അന്വേഷിക്കാനാണ് പൊലീസ് നീക്കം.

മുക്കം പൊലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്‌ഐമാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനോയ് വിശ്വം, സിവിൽ പൊലീസ് ഓഫീസർ ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img