
ബംഗളുരു: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നവദമ്പതികൾക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നൽകുന്ന കർണാടക പദ്ധതിയ്‌ക്ക് തുടക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയാണിത്. ഈ സാമ്പത്തികവർഷത്തിൽ അയ്യായിരം ദമ്പതിമാർക്ക് സഹായം നൽകാനായി 25 കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരുന്നത്. വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ കവിയാത്ത ന്യുനപക്ഷ കുടുംബത്തിൽ പെട്ടവർക്കാണ് ധനസഹായം നൽകുക. വധുവിന്റെ പ്രായം 18നും 42 നും വരന്റേത് 21 നും 45 നും ഇടയിലായിരിക്കണം. മറ്റൊരു ഭാര്യയുള്ള വരന് ഈ ആനുകൂല്യം ലഭിക്കില്ല. വധൂവരന്മാരുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ക്രഡിറ്റ് ചെയ്യുക. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമേ ഈ അനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. സന്നദ്ധ സംഘടനകൾ നടത്തുന്ന സമൂഹ വിവാഹങ്ങളിലെ ദമ്പതികൾക്ക് അയ്യായിരം രൂപ വീതം ധനസഹായം നൽകാനും ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ടര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൌലാന ആസാദ് സ്കൂളുകൾ നവീകരിക്കാനായി 500 കോടിയുടെ മറ്റൊരു പദ്ധതിയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. നൂറുകോടി ചെലവിൽ നൂറു മൌലാന ആസാദ് വിദ്യാലയങ്ങൾ ഈ അധ്യയന വർഷം നവീകരിക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുക, ഫർണിച്ചർ, മികവുറ്റ പഠന സാമഗ്രികൾ ലഭ്യമാക്കുക എന്നിവയാണ് നവീകരണ പദ്ധതിയിലെ പ്രധാന ഇനങ്ങൾ. സംസ്ഥാനമൊട്ടാകെ 250 മൌലാന ആസാദ് സ്കൂളുകൾ നവീകരിക്കാനാണ് സിദ്ധരാമയ്യ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.
Photo Courtesy - Google











