
ആറന്മുള: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരിതബാധിതർക്കായി അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണെന്നും എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവയുടെ സംഘങ്ങളെ ദുരന്തബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെത്താൻ വൈകിയെന്ന വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർമാർ എന്നിവർക്ക് നേരത്തേ തന്നെ ചുമതല നൽകിയിരുന്നുവെന്നും അവർ മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തുന്നതിലല്ല, രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിലാണ് പ്രാധാന്യം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ലെ പ്രളയത്തിന് ശേഷം വേണ്ടത്ര മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെന്നത് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമായതായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, നിലവിലെ പ്രളയവും വെള്ളക്കെട്ടും അവസാനിച്ച ശേഷം നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ സർക്കാർ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.











