08:59pm 28 September 2026
NEWS
എ.ഐ.ഐ.ബി യോഗത്തിൽ പങ്കെടുക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ഖത്തറിലെത്തി; നിർണായക അടിസ്ഥാന സൗകര്യ വികസന ചർച്ചകൾക്ക് തുടക്കം
28/09/2026  01:14 PM IST
nila
എ.ഐ.ഐ.ബി യോഗത്തിൽ പങ്കെടുക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ഖത്തറിലെത്തി; നിർണായക അടിസ്ഥാന സൗകര്യ വികസന ചർച്ചകൾക്ക് തുടക്കം

 


​ദോഹ: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (AIIB) രണ്ടുദിവസം നീണ്ടുനിൽക്കുന്ന വാർഷിക ബോർഡ് ഓഫ് ഗവേണർമാർ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഖത്തറിലെത്തി.
ദോഹയിൽ എത്തിയ ധനകാര്യമന്ത്രി നിർമല സീതാരാമന് ഖത്തറിലെ ഇന്ത്യൻഅംബാസിഡർ ഡോ : കെ ശ്രീകർ റെഡ്ഢി ഊഷ്മളമായ സ്വീകരണം നൽകി.
 ദോഹയിൽ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കുന്ന യോഗത്തിൽ ഇൻഫ്രാസ്ട്രക്ചർ ചർച്ചകൾക്ക് പുറമെ  പ്രമുഖവ്യവസായികളുമായും മന്ത്രിമാരുമായും ധനമന്ത്രി കൂടിക്കാഴ്ച നടത്തും.
​ചൈനയ്ക്ക് ശേഷം എ.ഐ.ഐ.ബിയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമയായ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് കേന്ദ്ര ധനമന്ത്രി എ.ഐ.ഐ.ബി ഗവർണറായി യോഗത്തിൽ പങ്കെടുക്കുന്നത്. "നാളത്തെ അടിസ്ഥാന സൗകര്യങ്ങൾ: സ്വാധീനവും നവീനതയും" (Tomorrow’s Infrastructure: Impact and Innovation) എന്നതാണ് ഇത്തവണത്തെ വാർഷിക യോഗത്തിന്റെ പ്രധാന തീം. എ.ഐ.ഐ.ബി പ്രസിഡന്റ് സൂ ജിയായിയുമായി (Zou Jiayi) നിർമല സീതാരാമൻ ഉഭയകക്ഷി ചർച്ചകൾ നടത്തും.
​സന്ദർശനത്തിന്റെ ഭാഗമായി സൗദി അറേബ്യ, ജോർദാൻ, സ്വിറ്റ്‌സർലൻഡ്, അൾജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായും ഖത്തറിലെ സർക്കാർ പ്രമുഖർ, പ്രമുഖ വ്യാപാരികൾ, നിക്ഷേപകർ എന്നിവരുമായും കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
​കാലാവസ്ഥാ നിധി (Climate Finance), ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI), അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സ്വകാര്യ മൂലധന നിക്ഷേപം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് രണ്ടുദിവസത്തെ ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുന്നത്. 2016-ൽ പ്രവർത്തനം ആരംഭിച്ച എ.ഐ.ഐ.ബിയിൽ നിലവിൽ 111 അംഗരാജ്യങ്ങളുണ്ട്. ഇതുവരെ 388 പദ്ധതികളിലായി 7,691 കോടി ഡോളറാണ് ബാങ്ക് നിക്ഷേപിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img