
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന താരിഫ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ അധികത്തീരുവ ഇന്ത്യൻ കയറ്റുമതിയിലുണ്ടാക്കിയ ആഘാതം വിലയിരുത്തുന്നതിന് ഒന്നിലധികം വകുപ്പുകളുടെ ഇടപെടൽ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. വാർത്താ ഏജൻസിയായ ‘പിടിഐ’യ്ക്കുനൽകിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിൻറെപേരിൽ ഓഗസ്റ്റ് 27-ന് അമേരിക്ക 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തിലാക്കിയതോടെയാണ് ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായത്. തുന്നിയ വസ്ത്രം, തുണിത്തരങ്ങൾ, ആഭരണം, ചെമ്മീൻ, തുകൽ, ചെരിപ്പ്, മൃഗങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങിയ മേഖലകളെയാണ് ഇതു പ്രധാനമായും ബാധിക്കുക. ഈ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ കയറ്റുമതിക്കാരോട് തീരുവയുടെ ആഘാതത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
2024-25 സാമ്പത്തികവർഷം ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം അമേരിക്കയിലേക്കായിരുന്നു. 2021-22 മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. അതിനിടെ, ചരക്ക്-സേവന നികുതി (ജിഎസ്ടി) കുറയ്ക്കൽ പ്രാവർത്തികമാക്കുന്നത് താൻ നേരിട്ടു നിരീക്ഷിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജിഎസ്ടി രണ്ടു സ്ലാബാക്കിയതോടെ നാനൂറോളം ഉത്പന്നങ്ങളുടെ വിലയിൽ കുറവുണ്ടാകും. ഇളവ് ഈ മാസം 22-ന് പ്രാബല്യത്തിൽവരും.











