
കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി (മദർ തെരേസാ) സന്യാസിനികൾക്ക് എതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ വ്യാജമെന്ന് തെളിഞ്ഞു. 2015 ജൂലൈയിൽ ശിശുക്കടത്ത് ആരോപിച്ച് അറസ്റ്റു ചെയ്ത് ജയിലിലടച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ കൊൺസീലിയ ഉൾപ്പെടെ മൂന്നു പേരെയാണ് എട്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കുറ്റവിമുക്തരാക്കിക്കൊണ്ട് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സിവിൽ കോടതി വിധി പുറപ്പെടുവിച്ചത്.'' (ദീപിക പേജ് നമ്പർ 6,24/6/26)
ഇന്ത്യയുടെ വടക്കുകിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ജാർഖണ്ഡ്. പേരു സൂചിപ്പിക്കുന്ന പോലെ നിബിഢവനങ്ങളാൽ നിറഞ്ഞ ഒരു പ്രദേശം. ബീഹാറിന്റെ തെക്കുഭാഗത്തുള്ള കുറേപ്രദേശങ്ങൾ അടർത്തിയെടുത്ത് 15.9.2000- ൽ നിലവിൽ വന്ന ഒരു സംസ്ഥാനം. ഇന്ത്യയുടെ തനത് ജനവിഭാഗമായ കാനനവാസികൾ, ആദിവാസികൾ എന്നിവർ ഭൂരിപക്ഷമായ 24 ജില്ലകളുള്ള സംസ്ഥാനം. ഇന്ത്യയുടെ ധാതുസമ്പത്തിൽ നാൽപതു ശതമാനത്തോളം ഈ വനഭൂമിയുടെ ആഴങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അങ്ങനെ ധാതുസമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ഇവിടുത്തെ ജനങ്ങളിൽ ഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ് സ്ഥിതി ചെയ്യുന്നതെന്നറിയുമ്പോഴാണ് ഇന്ത്യയിലെ ആദിവാസി, ദലിത് ഗോത്രവർഗ്ഗവിഭാഗങ്ങളോടു കാലാകാലങ്ങളായി ഭരണവർഗ്ഗവും ഉദ്യോഗസ്ഥ മേലാളന്മാരും അവലംബിച്ചുപോരുന്ന അവഗണനയും അതുവഴിയുള്ള തിരസ്‌കരണവും ബോധ്യമാകുന്നത്.
മുകളിൽ സൂചിപ്പിച്ചതുപോലെ ജനതയിൽ ഭൂരിഭാഗവും ആദിവാസികളാണ്. ഒപ്പം മേലാളന്മാരുടെ കൊടിയ ചൂഷണത്തിനു വിധേയരാകുന്നതും ഈ പാവങ്ങൾ തന്നെയാണ്. ആദിവാസി പെൺകുട്ടികൾ വളരെ ചെറുപ്രായത്തിൽ തന്നെ ലൈംഗികചൂഷണത്തിന് വിധേയരാകുന്നത് ഇവിടെ ഒരു സാധാരണ സംഭവമായിരുന്നു. ഇത്തരത്തിൽ പീഡനത്തിനുവിധേയരാകുന്ന അവിവാഹിതരായ അമ്മമാർ, ശേഷം തെറ്റായ ജീവിതത്തിലേക്കും ചുവന്ന തെരുവിലേക്കും യാത്രയാകുന്നതായിരുന്നു ഇവിടെ കണ്ടുവന്നിരുന്നത്. ഇതിനെപ്പറ്റി അറിവു ലഭിച്ച അഗതികളുടെ അമ്മയായ മദർ തെരേസാ ഇവരുടെ രക്ഷയ്ക്കും മോചനത്തിനും, പുനരധിവാസത്തിനുമായി ചില പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ മുന്നോട്ടു വന്നു. വിവിധ ഗോത്രസംസ്‌കാരങ്ങളും ഒപ്പം തന്നെ അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച് ജീവിക്കുന്ന സമൂഹം, ഈ ശ്രേണിയിൽപ്പെട്ട പെൺകുട്ടികളെ ശിക്ഷിച്ചു ഗോത്രസമൂഹത്തിൽ നിന്നും പടിയടച്ച് പുറത്താക്കുന്ന ക്രൂരത നേരിട്ടു ബോധ്യപ്പെട്ട മദർ ഇവരുടെ രക്ഷയ്ക്കായി ''നിർമ്മൽ ഹൃദയ്'' എന്ന പേരിൽ ആശ്വാസ പുനരധിവാസഭവനങ്ങൾ തുറന്നു.
അവിവാഹിതരായ ഗർഭിണികളായ പെൺകുട്ടികളെ വീണ്ടെടുത്ത് അവൾക്ക് പ്രസവശുശ്രൂഷയും മറ്റും നൽകി പ്രസവശേഷം കുട്ടികളെ സർക്കാരിന്റെ ചൈൽഡ് വെൽഫെയർ സെന്ററിൽ (സി.ഡബ്ല്യു.സി)ക്ക് നൽകുകയും, ശേഷം അമ്മമാരെ വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിച്ച്, സ്വന്തം കാലിൽ നില്ക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന സദ്പ്രവൃത്തികളാണ് മദർ തെരേസാ നിർമ്മൽ ഹൃദയ് പ്രസ്ഥാനത്തിൽ നടത്തിവന്നിരുന്നത്. 2015 മുതൽ 2017 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ ചതിയിൽപ്പെട്ട അഞ്ഞൂറിൽപ്പരം പെൺകുട്ടികളെയാണ് നിർമ്മൽഹൃദയ് ഏറ്റെടുത്ത് ആശ്വാസം നൽകിയത്.
2019 മാർച്ച് പത്തൊമ്പതാം തീയതി ഒരു ആദിവാസി കുടുംബം കരിഷ്മാ ടോപ്പോ എന്ന അവിവാഹിത ഗർഭിണിയായ മകളെയും കൂട്ടി ആശ്രമത്തിൽ എത്തിച്ചേർന്നു. മാസങ്ങൾക്കുശേഷം കരിഷ്മാ ടോപ്പോ ഒരു പെൺകുഞ്ഞിന് ജന്മം നല്കി. പതിവുപോലെ പ്രാഥമിക ശുശ്രൂഷയും പ്രസവരക്ഷയും നല്കിയശേഷം ഒരു മാസത്തിനുശേഷം ആശ്രമത്തിൽ ഇത്തരം കാര്യങ്ങളുടെ ചുമതല വഹിക്കുന്ന അനിമ ഇന്ദ്‌വാർ എന്ന ഉദ്യോഗസ്ഥയെയും കൂട്ടി കരിഷ്മയെയും മാതാപിതാക്കളെയും പിഞ്ചു കുഞ്ഞിനോടൊപ്പം ആവശ്യമായ രേഖകളുമായി സർക്കാരിന്റെ ചൈൽഡ് വെൽഫെയർ സെന്ററിലേക്ക് അയച്ചു. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും ഇത്തരം പ്രവൃത്തികൾ അവിടെ നടക്കുന്നതിനാൽ, ഇതിന് പ്രത്യേകിച്ചൊരു പ്രാധാന്യം കല്പിച്ചിരുന്നില്ല. എന്നാൽ ഏതാനും നാളുകൾ കഴിഞ്ഞ് ആശ്രമാധികാരികൾക്ക് ഒരു വിവരം ലഭിച്ചു. കരിഷ്മ പ്രസവിച്ച കുഞ്ഞിനെ അവളുടെ മാതാപിതാക്കളും ഉദ്യോഗസ്ഥയായ അനിമ ഇന്ദ്‌വാറും ചേർന്ന് സർക്കാരിന്റെ സി.ഡബ്ലു.സി.യിൽ നല്കുന്നതിനുപകരം കുട്ടികളില്ലാത്ത ഏതോ ദമ്പതികൾക്ക് അനധികൃതമായി കൈമാറിയത്രെ. വിവരം അറിഞ്ഞയുടനെ ആശ്രമം അധികൃതർ സർക്കാരിലെ ഉത്തരവാദിത്വപ്പെട്ടവരെ രേഖാമൂലം അറിയിക്കുകയും, ആയതിനൊടുവിൽ കുഞ്ഞിനെ വീണ്ടെടുത്ത് സി.ഡബ്ല്യു.സിയിൽ ഏല്പിക്കുകയും ചെയ്തു. അങ്ങനെ ആ വിഷയം അവിടെ പരിഹരിക്കപ്പെടുകയും ചെയ്തു.
എന്നാൽ നാളുകൾക്കുശേഷം ഏതോ കുബുദ്ധികൾ ഇത് കുത്തിപ്പൊക്കി ആശ്രമാധികൃതരാണ് ഈ കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റതെന്ന് ആരോപിച്ചു. പോലീസ് ഞൊടിയിടയിൽ കേസ് രജിസ്റ്റർ ചെയ്യുകയും വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ ആശ്രമത്തിൽ ഈ വിഭാഗത്തിന്റെ ചുമതലയുള്ള സി. കൊൺസീലിയായെ അറസ്റ്റു ചെയ്ത് ഗുരുതരമായ വ്യാജ ആരോപണങ്ങൾ കോടതിയിൽ ഫയൽ ചെയ്ത് സിസ്റ്ററിനെ ജയിലിൽ അടച്ചു. സിസ്റ്ററിനോടൊപ്പം കരിഷ്മയെയും മാതാപിതാക്കളെയും അനിമ ഇന്ദ് വാറിനെയും അറസ്റ്റു ചെയ്തു. നാളുകൾക്കു ശേഷം യഥാർത്ഥത്തിൽ കുറ്റം ചെയ്ത കരിഷ്മയ്ക്കും അനിമ ഇന്ദ്‌വാറിനും മാതാപിതാക്കൾക്കും ജാമ്യം ലഭിക്കുകയും അവർ ജയിലിനു പുറത്തു വരികയും ചെയ്തു. എന്നാൽ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ രേഖാമൂലം അറിയിച്ച ആശ്രമത്തെയും സിസ്റ്റർ കൊൺസീലിയായേയും കുറ്റാരോപണത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്തു. കേസുമായി വിവിധ കീഴ്‌കോടതികളിൽ കയറിയിറങ്ങിയെങ്കിലും അവിടങ്ങളിൽ നിന്നൊന്നും നീതി ലഭിച്ചില്ല.
കടുത്ത പ്രമേഹവും വെരിക്കോസിന്റെ രോഗവും കൊണ്ടു കഷ്ടപ്പെട്ടിരുന്ന സിസ്റ്റർ കൊൺസീലിയ 14 മാസത്തോളം ജയിലിൽ കിടന്നു. ഒടുവിൽ മേൽകോടതിയിൽ നിന്നും ജാമ്യം ലഭിച്ചു പുറത്തു വരികയും, തന്റെ നിരപരാധിത്വം തെളിയിക്കുവാൻ നിയമയുദ്ധം നടത്തുകയും, പോരാട്ടത്തിനൊടുവിൽ 2026 ജൂൺ 18 ന് കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്തിരിക്കുന്നു. വൈകിയെങ്കിലും നീതി ലഭിച്ചതിനെയോർത്ത് പൊതുസമൂഹവും, ഇവർക്കായി നിരന്തരമായി പ്രാർഥിച്ചുകൊണ്ടിരുന്ന വിശ്വാസ സമൂഹവും സന്തോഷത്തോടെ ഈ വിധിന്യായത്തെ സ്വാഗതം ചെയ്തു.
ഇന്നേക്ക് 8 വർഷം മുമ്പ്, 2018 ജൂലൈയിൽ ഈ നിർഭാഗ്യകരമായ സംഭവം ഉണ്ടായതിനെ തുടർന്ന്, അന്നത്തെ മാധ്യമങ്ങളിൽ നടന്ന ആഘോഷം അങ്ങനെയങ്ങു മറക്കുവാൻ കഴിയുമോ? ഇന്ത്യയിലെ ഒരു പറ്റം മാധ്യമങ്ങളിൽ പ്രൈം ടൈം അന്തിച്ചർച്ചയിൽ ഈ വിഷയം എടുത്തിട്ട് ക്രൈസ്തവസമൂഹത്തിന് എതിരെ എയ്തുവിട്ട വിഷം പുരട്ടിയ അസ്ത്രങ്ങൾ ഇപ്പോഴും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. എന്നാൽ എട്ടുവർഷങ്ങൾക്കുശേഷം ഇതൊരു വ്യാജ ആരോപണമായിരുന്നുവെന്നും, കന്യാസ്ത്രിയും മിഷണറീ ഓഫ് ചാരിറ്റിയും നിരപരാധികളാണെന്നും റാഞ്ചി കോടതിയിൽ നിന്നും വിധി വന്നപ്പോൾ ആയത് ഒരു വരി വാർത്തയായി പോലും നല്കുവാൻ ഇന്ത്യയിലെ അദാനി-അംബാനി സംഘപരിവാർ കൂടാരത്തിൽ ബന്ധനസ്ഥരായ മാധ്യമശിങ്കങ്ങൾ താല്പര്യം കാണിച്ചില്ലായെന്ന് അറിയുമ്പോഴാണ് ഇന്ത്യയിലെ സമകാലിക മാധ്യമരംഗത്തിന്റെ അപചയം ബോധ്യമാകുന്നത്. സംഘപരിവാർ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് ടി വിയിൽ വന്ന ചർച്ചകൾ ഇന്നും ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു. വിശുദ്ധ തെരേസ ഓഫ് കൊൽക്കത്ത (മദർ തെരേസാ)യെ ആക്ഷേപിക്കുവാൻ എത്രയും ക്രൂരമായ പദങ്ങളാണ് ഇവർ പ്രയോഗിച്ചത്. ക്രൈസ്തവർക്കെതിരെ അർണോബ് ഗോസാമിയെന്ന മാധ്യമ പ്രവർത്തകൻ അക്ഷരാർത്ഥത്തിൽ ഉറഞ്ഞു തുള്ളുകയായിരുന്നു.
ക്രിസ്തീയ കാരുണ്യത്തിന്റെ പ്രതീകമായി ലോകത്തെമ്പാടും കർമ്മനിരതരായ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തെ കരിവാരി തേയ്ക്കുവാൻ എന്തെല്ലാം ഇല്ലാക്കഥകളാണ് അന്തിച്ചർച്ചക്കാർ പറഞ്ഞുകൂട്ടിയത്. 2018 ജൂലൈ പതിനൊന്നിന് റിപ്പബ്ലിക് ടി വി പറഞ്ഞത്, ഈ ആശ്രമം 280-ൽപ്പരം കുട്ടികളെ ലക്ഷങ്ങൾ വാങ്ങി വിറ്റുവെന്നും അതുവഴി കോടികൾ സമ്പാദിച്ചു എന്നുമൊക്കെയാണ്. എന്നാൽ മനസ്സിൽ നന്മയുള്ള ചിലയാളുകൾ ഇതിൽ പ്രതിഷേധിക്കുകയും ആയത് ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുകയും ചെയ്തു. പൊടുന്നനെ റിപ്പബ്ലിക് മലക്കം മറിയുകയും മൂന്നു ദിവസത്തിനുശേഷം 280-ൽ നിന്ന് 277 കുറയുകയും മൂന്നിൽ കടുംപിടിത്തം നടത്തുകയും ചെയ്തു.
മിഷണറീസ് ഓഫ് ചാരിറ്റി MCC എന്ന ചുരുക്കപ്പേരിന് ''മൾട്ടിമില്യൺകോർപ്പറേഷൻ'' എന്നൊരു നിർവ്വചനവും അവർ കല്പിച്ചു നൽകി. നിർഭാഗ്യകരമായ ഈ സംഭവം നടന്നതിനെ തുടർന്ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിവിധശരണാലയങ്ങളിൽ അന്വേഷണങ്ങളുടെയും പരിശോധനയുടെയും ഒരു പരമ്പര തന്നെ അരങ്ങേറി. ആ സമയത്ത് ജാർഖണ്ഡ് ഭരിച്ചിരുന്നത് ബി.ജെ.പി.യായിരുന്നു. സംഘപരിവാറിന്റെ പോലീസും, കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളും ആശ്രമസ്ഥാപനങ്ങളിൽ പരിശോധനയുടെ പേരിൽ നടത്തിയത് അക്ഷരാർഥത്തിൽ തേർവാഴ്ച തന്നെയായിരുന്നു. ആശ്രമത്തിന്റെ ഓരോ ശിശുസംരക്ഷണകേന്ദ്രവും ''റെയ്ഡ്'' ചെയ്തു ജാർഖണ്ഡ് പോലീസ് അത് അടച്ചുപൂട്ടുവാൻ കല്പന നൽകി. അവിടങ്ങളിൽ അപ്പോൾ മുലകുടിക്കുന്ന പ്രായം മുതൽ 5 വയസ്സുവരെയുള്ള 22 അനാഥ ശിശുക്കൾ അന്തേവാസികളായുണ്ടായിരുന്നു. അവരെ ബലമായി എടുത്തുകൊണ്ടുപോയി സർക്കാരിന്റെ ചില ഏജൻസികളെ ഏല്പിച്ചു. ഇതൊരു വിസ്‌ഫോടന വാർത്തയായി, സംഘപരിവാർ നിയന്ത്രിക്കുന്ന അച്ചടിദൃശ്യമാധ്യമങ്ങളിൽ പലവട്ടം ആവർത്തിച്ച് കാണിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ശിശുകച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 'മുതൽ' ആയിട്ടാണ് ശിശുക്കളെ അവർ ചിത്രീകരിച്ചത്. അങ്ങനെ സംഘപരിവാർ ശക്തികൾ ഇതിനെ ആവോളം ആഘോഷിച്ചു. എന്നാൽ ഇപ്രകാരം സർക്കാർ ഏറ്റെടുത്ത കുട്ടികളിൽ പലരും പിന്നീട് മരണപ്പെടുകയുണ്ടായി. നാളിതുവരെ എത്രപേർ മരിച്ചുവെന്നോ ബാക്കി എത്ര കുട്ടികൾ ആരോഗ്യവാന്മാരായി ജീവിച്ചിരിക്കുന്നുവെന്നോ ഈ മാധ്യമങ്ങൾ ഒന്നും തന്നെ അന്വേഷിച്ചില്ല. പൊതുസമൂഹത്തിന് ഇതിന്റെ നിജസ്ഥിതി അജ്ഞാതമായി ഇന്നും തുടരുന്നു.
മേയ് 3-ലെ മാധ്യമ സ്വാതന്ത്ര്യദിനത്തിൽ ''റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്'' പുറത്തുവിട്ട 2026 ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും കിഴോട്ടു പോയി. 2025 ൽ 151-ാം റാങ്കിലായിരുന്നു ഇന്ത്യ. റാങ്ക് ചെയ്യപ്പെട്ട 180 രാജ്യങ്ങളിൽ വെനസ്വേല, സുഡാൻ, ഇറാക്ക്, തുർക്കി, അഫ്ഗാനിസ്റ്റാൻ, ഇറാൻ, ചൈന, ഉത്തരകോറിയ എന്നിവയ്ക്ക് തൊട്ടുമുകളിലാണ് ഇന്ത്യയുടെ സ്ഥാനം. മതേതരജനാധിപത്യ വ്യവസ്ഥിതിയും ഭരണഘടനയും നിലനിൽക്കുന്ന ഇന്ത്യയുടെ ഇന്നത്തെ ഈ അവസ്ഥ വളരെയേറെ ആശങ്ക ഉളവാക്കുന്നു. മതതീവ്ര ഏകാധിപത്യ ശക്തികൾക്കും മൗലികവാദികൾക്കും ഇവിടെ ആധിപത്യം കൂടിവരുന്നതിലെ അപകടം ശ്രദ്ധിക്കപ്പെടാതെ പോയാൽ ആസന്നഭാവിയിൽ ഭീകരാവസ്ഥ ഇവിടെ സംജാതമാകും.
പൊതുസമൂഹത്തിന്റെ മുമ്പിൽ ഇത്രയധികം ആക്ഷേപിക്കപ്പെട്ടിട്ടും, ജയിൽവാസം തുടങ്ങിയുള്ള പീഡനങ്ങൾ അരങ്ങേറിയിട്ടും മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യസ്ഥർ നാളുകൾക്കുശേഷം വീണ്ടും സേവനകർമ്മങ്ങളിൽ സജീവമായി. തങ്ങളെ ദ്രോഹിച്ചു പീഡിപ്പിച്ച അധികാരികളോട് ഒരു വാക്കുകൊണ്ടുപോലും അവർ അനിഷ്ടം അറിയിച്ചില്ല. എല്ലാം സഹിച്ചും ക്ഷമിച്ചും പൂട്ടിയ ആശ്രമങ്ങൾ തുറന്നും അവർ തങ്ങളുടെ മേഖലകളിൽ അശരണരെയും ആലംബഹീനരെയും അരികുവത്കരിക്കപ്പെട്ടവരെയും മാറോട് ചേർത്തുപിടിച്ചു ആശ്വാസമേകി. തങ്ങളുടെ സ്ഥാപക വിശുദ്ധ മദർ തെരേസ തെളിയിച്ച പന്ഥാവിലൂടെ നിശ്ശബ്ദരായി സേവനതല്പരരായി നീങ്ങിക്കൊണ്ടിരിക്കുന്നു. 'എന്നെ ചവിട്ടി നീ താഴ്ത്തുമ്പോഴൊക്കെയും നിന്നിലും മീതെ തലയുയർത്തുന്നു ഞാൻ' എന്ന ആപ്തവാക്യത്തിന്റെ സാധൂകരണം വർദ്ധിത ശോഭയോടെ നമുക്ക് ഇവിടെ ദർശിക്കുവാൻ കഴിയുന്നു.










