04:58am 11 November 2026
NEWS
ഒടുവിൽ സത്യം തെളിഞ്ഞു പിന്തുണച്ചവർക്ക് നന്ദി പെരിങ്ങോട്ടുകര ദേവസ്ഥാനം
29/08/2025  06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഒടുവിൽ സത്യം തെളിഞ്ഞു പിന്തുണച്ചവർക്ക് നന്ദി പെരിങ്ങോട്ടുകര ദേവസ്ഥാനം
HIGHLIGHTS

ഹണി ട്രാപ്പ് കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം

കൊച്ചി : തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണത്തിന്റെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഊർജിതമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പെരിങ്ങോട്ടുകര ദേവസ്ഥാനം. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടിഎ അരുണിനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജ പരാതിയിൽ  മുൻപ് പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ 45 ദിവസത്തിന് ശേഷം കർണാടക ഹൈക്കോടതി ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്.

കേസിൽ ബെംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന ഉൾപ്പെടെ അഞ്ച് പേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു. രത്നയുടെ സഹായി മോണിക്ക, ആസൂത്രണക്കാരനായ പാലക്കാട് സ്വദേശിയും കൂർഗിൽ സ്ഥിര താമസക്കാരനും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്. അരുണിനെ ആസൂത്രിതമായി ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന പരാതിയുമായി കുടുംബം ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശരത് മേനോനും കൂട്ടാളികളും ചേർന്ന് രത്നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതിന് തെളിവ് ലഭിച്ചത്. ഒരു ഘട്ടത്തിൽ പൊലീസ് ഉൾപ്പെടെ തട്ടിപ്പുകാർക്കൊപ്പം നിലകൊള്ളുന്ന സാഹചര്യമുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പിന്നീട് ചില ഇടപെടലുകളിൽ അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടായി.

ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കേസന്വേഷണം ഏറ്റെടുത്തത് യാഥാർത്ഥ്യം തെളിയുന്നതിന് കൂടുതൽ വഴിയൊരുക്കിയതായും കുടുംബം പറയുന്നു. ഒടുവിൽ ഉയർന്ന് വന്ന വ്യാജ ആരോപണത്തിൽ തന്ത്രി ഉണ്ണി ദാമോദരന് കർണാടക കോടതി ക്ലീൻ ചീട്ട് നൽകിയിരിക്കുകയാണ്. നിഷ്ക്രൂരമായ ഇല്ലാ കഥകൾ മെനഞ്ഞ് സമൂഹത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകുന്ന കുടുംബത്തിനും ക്ഷേത്രത്തിനും എതിരെ വ്യാജ സൃഷ്ടികൾ  നിർമിച്ചവർക്കെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും കേസിൽ പ്രതിസ്ഥാനത്തുള്ള ഒന്നാം പ്രതി പ്രവീൺ കെ വി ഉൾപ്പെടെയുള്ളവർക്കെതിരെ ഊർജിതമായ അന്വേഷണം അനിവാര്യമാണെന്നും തന്ത്രി ഉണ്ണി ദാമോദരന്റെ മൂത്ത മകൾ ഉണ്ണിമായ സൂരജ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img