
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന ലഭിച്ചതിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ വിവാദം. ഹാസനാംബ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ രന്യയ്ക്ക് വിഐപി സൗകര്യം ഒരുക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒക്ടോബർ 31നായിരുന്നു സംഭവം.
രന്യയുടെ രണ്ടാനച്ഛനും വിരമിച്ച ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻ ഡിജിപി എന്ന നിലയിൽ രാമചന്ദ്ര റാവുവിന് ലഭിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് രന്യ ക്ഷേത്രത്തിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കുടുംബത്തിന് പ്രത്യേക പരിഗണനയും വിഐപി ദർശനവും അനുവദിച്ചതോടെ സംഭവം ചർച്ചയായി.
സ്വർണക്കടത്ത് കേസിൽ പ്രതിയായ ഒരാൾക്ക് പൊലീസ് സംരക്ഷണത്തിൽ വിഐപി പരിഗണന നൽകിയത് എങ്ങനെയെന്ന ചോദ്യവുമായി ബിജെപിയും രംഗത്തെത്തി. കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ പരിഹാസമാണ് ബിജെപി എംഎൽസി സി.ടി. രവി ഉയർത്തിയത്. ''ഒരുപക്ഷേ സംസ്ഥാന സർക്കാരിന്റെ കണ്ണിൽ രന്യ റാവു ഒരു വിഐപിയായിരിക്കാം. കോൺഗ്രസ് സർക്കാർ അവരെ അങ്ങനെയായിരിക്കും കാണുന്നത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം വൻ സ്വർണക്കടത്ത് കേസിലാണ് രന്യ റാവു അറസ്റ്റിലായത്. ശരീരത്തിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിച്ച് 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് സ്വർണം എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു രന്യയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു കിലോഗ്രാം സ്വർണം കടത്തുന്നതിന് നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ കമ്മിഷൻ ലഭിച്ചിരുന്നതായും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.
102 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിലും നടിയുടെ പേരുണ്ട്. ഒരു വർഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനു പുറമെ കേസിൽ രന്യയ്ക്ക് 102 കോടി രൂപ പിഴയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ചുമത്തിയിട്ടുണ്ട്.










