
കൊച്ചി: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നതിനിടയിൽ, കൊച്ചി നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നു. ഇതിനിടയിൽ ദീപ്തി മേരി വർഗീസിന്റെ അനുയായികൾ “സർവ്വം ദീപ്തം” എന്ന ടാഗ്‌ലൈനോടെ പോസ്റ്റർ അച്ചടിക്കാൻ തുടങ്ങിയതും വിവാദമാകുകയാണ്. കൊച്ചിയിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പോസ്റ്റർ അച്ചടിക്കൽ നിർത്തിവയ്ക്കാൻ ദീപ്തി തന്നെ നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്.
ഇതിനിടെ, കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണ് വി.ഡി. സതീശൻ. മറുവശത്ത്, ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്നതാണ് കെ.സി. വേണുഗോപാലിന്റെ അഭിപ്രായം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും ആശയക്കുഴപ്പം തുടരുന്നതായി സൂചനയുണ്ട്. അതേസമയം, അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് ശിവകുമാറും ശബരീനാഥനും രംഗത്തെത്തിയതോടെ പാർട്ടിയിലെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.








