
ചാലക്കുടി: സോഷ്യൽ മീഡിയയിലെ ജനപ്രിയ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള കുടുംബ കലഹം പൊലീസ് കേസായി. ഒൻപത് മാസമായി വേർപിരിഞ്ഞ് കഴിയുന്ന ഇരുവരും തമ്മിൽ ഒക്ടോബർ 25-ന് ഉണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഭർത്താവിനെതിരെ ജിജി മാരിയോ നൽകിയ പരാതിയിൽ ചാലക്കുടി പൊലീസ് കേസെടുത്തു.
ഒക്ടോബർ 25-ന് വൈകിട്ട് അഞ്ചരയോടെ ജീജി ഭർത്താവായ മാരിയോ ജോസഫിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംസാരത്തിനിടെ വാക്കുതർക്കം രൂക്ഷമാവുകയും മാരിയോ സെറ്റ്–ടോപ്പ് ബോക്‌സ് കൊണ്ട് ജീജിയുടെ തലയിൽ അടിച്ചതായും എഫ്ഐആറിൽ പറയുന്നു. അതിനു പിന്നാലെ ഇടത് കൈയിൽ കടിച്ചതും തലമുടി പിടിച്ച് വലിച്ചതുമാണ് പരാതി. സംഘർഷത്തിനിടെ 70,000 രൂപ വിലയുള്ള ജീജിയുടെ മൊബൈൽ ഫോണും മാരിയോ തകർത്തുവെന്ന ആരോപണവും ഉണ്ട്.
ചാലക്കുടിയിലെ ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാർ കൂടിയായ ഇവർ സമൂഹമാധ്യമങ്ങളിൽ സജീവമായവരാണ്. ജീജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മാരിയോക്കെതിരെ ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് ഒരു മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.










