
ഡാലസ്: ആവേശം നിറഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെ 2–0ന് കീഴടക്കി സ്പെയിൻ ഫൈനലിലേക്ക്. 2010ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീം വീണ്ടും ഫൈനലിൽ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ലമീൻ യമാലിനെ ഫ്രഞ്ച് പ്രതിരോധതാരം ലുകാസ് ഡെഗ്നെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതോടെ സ്പെയിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത മികേൽ ഒയർസബാൽ പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ സ്പെയിൻ മുന്നിലെത്തി. ലോകകപ്പിൽ ആദ്യമായാണ് ഫ്രാൻസ് ഒരു മത്സരത്തിൽ പിന്നിലാകുന്നത്.
ആദ്യ പകുതിയിൽ ഫ്രാൻസ് ആക്രമണത്തോടെ തുടങ്ങിയെങ്കിലും സ്പാനിഷ് പ്രതിരോധം ഉറച്ചുനിന്നു. 15-ാം മിനിറ്റിൽ റോഡ്രിക്കെതിരായ ഫൗളിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് സ്പെയിന് മുതലാക്കാനായില്ല. പിന്നീട് ഇരു ടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ 1–0ന്റെ ലീഡ് സ്പെയിനിനൊപ്പമായിരുന്നു. ആദ്യ പകുതിയിൽ സ്പെയിൻ അഞ്ച് ഗോൾശ്രമങ്ങൾ നടത്തിയപ്പോൾ ഫ്രാൻസിന് രണ്ട് അവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കാനായത്.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന സ്പെയിൻ 58-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി. ഡാനി ഓൽമോയുടെ മനോഹരമായ പാസിൽ നിന്ന് മുന്നേറിയ പെഡ്രോ പോറോ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നാനെ മറികടന്ന് പന്ത് വലയിലെത്തിച്ചതോടെ സ്കോർ 2–0യായി.
തുടർന്ന് ലമീൻ യമാൽ വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധിയെ തുടർന്ന് ഗോൾ അനുവദിച്ചില്ല. രണ്ട് ഗോളുകൾ വഴങ്ങിയതോടെ ഫ്രഞ്ച് ടീമിന്റെ ആത്മവിശ്വാസം കുറഞ്ഞു. കിലിയൻ എംബപെയുടെ ശക്തമായ ഷോട്ട് മാർക് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് പോയത് ഫ്രാൻസിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
അവസാന നിമിഷങ്ങളിൽ ഫ്രാൻസ് ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം പിഴവില്ലാതെ കളിച്ചു. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിന്റെ യാത്ര സെമിയിൽ അവസാനിക്കുമ്പോൾ, കരുത്തുറ്റ പ്രകടനവുമായി സ്പെയിൻ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറി.










