12:39am 13 June 2026
NEWS
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ കരുത്തിനെ മെരുക്കി മെക്സിക്കൻ അപാരത! ആതിഥേയരുടെ ജയം എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക്
12/06/2026  05:48 AM IST
nila
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ കരുത്തിനെ മെരുക്കി മെക്സിക്കൻ അപാരത! ആതിഥേയരുടെ ജയം എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക്

മെക്സിക്കോ സിറ്റി: സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് 2026 ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ തുടക്കം. ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മെക്സിക്കൻ സംഘം ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മെക്സിക്കോ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടി. ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് വലകുലുക്കിയത്. ഗോൾകീപ്പർ നൽകിയ പന്ത് നിയന്ത്രിക്കുന്നതിൽ പ്രതിരോധ താരത്തിന് പിഴവ് സംഭവിച്ചതോടെ അവസരം കാത്തുനിന്ന മെക്സിക്കൻ താരം കൃത്യമായി ലക്ഷ്യം കണ്ടു.

ആദ്യ പകുതിയിലുടനീളം ആക്രമണം തുടർന്ന മെക്സിക്കോയ്ക്ക് കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസിന്റെ മികച്ച സേവുകളാണ് ടീമിനെ വലിയ തിരിച്ചടിയിൽ നിന്ന് രക്ഷിച്ചത്. പ്രത്യേകിച്ച് 42-ാം മിനിറ്റിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ അദ്ദേഹം തടഞ്ഞത് ശ്രദ്ധേയമായി.

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിന് റെഡ് കാർഡ് ലഭിച്ചു. ബ്രയാൻ ഗുട്ടറസിനെ അപകടകരമായി ഫൗൾ ചെയ്തതിനാണ് റഫറി താരത്തെ പുറത്താക്കിയത്. ഒരാൾ കുറവായതോടെ പ്രതിരോധത്തിലേക്ക് ചുരുങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മെക്സിക്കോ സമ്മർദം ശക്തമാക്കി.

അതിന്റെ ഫലമായി 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ടീമിന്റെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. മത്സരാവസാന ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടു. 84-ാം മിനിറ്റിൽ തെംബ സ്വാനെയും റെഡ് കാർഡ് കണ്ട് പുറത്തായതോടെ ആഫ്രിക്കൻ സംഘം ഒൻപത് പേരായി ചുരുങ്ങി.

എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മെക്സിക്കോയ്ക്കും ഒരു തിരിച്ചടി നേരിട്ടു. ദക്ഷിണാഫ്രിക്കൻ താരത്തിനെതിരായ കടുത്ത ഫൗളിന് സെസാർ മോണ്ടസിന് നേരിട്ട് റെഡ് കാർഡ് ലഭിച്ചു. മെക്സിക്കൻ താരങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു.

രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും നിറഞ്ഞ ഉദ്ഘാടന പോരാട്ടത്തിൽ ആധിപത്യം പുലർത്തിയ മെക്സിക്കോ, ലോകകപ്പിലെ തങ്ങളുടെ കിരീട പ്രതീക്ഷകൾക്ക് ശക്തമായ തുടക്കമാണ് കുറിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img