03:22am 19 July 2026
NEWS
ലോകകപ്പ് ഫൈനൽ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; അർജന്റീന–സ്‌പെയിൻ പോരാട്ടം നേരിൽ കാണാൻ വേണ്ടത് ഏഴു ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ
18/07/2026  11:55 AM IST
nila
ലോകകപ്പ് ഫൈനൽ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; അർജന്റീന–സ്‌പെയിൻ പോരാട്ടം നേരിൽ കാണാൻ വേണ്ടത് ഏഴു ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ

ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്‌പെയിനും തമ്മിലുള്ള മത്സരം നേരിട്ട് കാണാൻ ലക്ഷങ്ങൾ വേണം. ഫൈനൽ മത്സരം നേരിൽ കാണാനുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഴു ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയാണ് ടിക്കറ്റിന്റെ വില. മുന്നിലിരുന്ന് കാണാനുള്ള ടിക്കറ്റിന് 6,97,632 രൂപയും ഏറ്റവും ഉയരത്തിലുള്ള ​ഗാലറി ടിക്കറ്റിന് 59,67,970 രൂപയുമാണ് നിരക്ക്. ജൂലൈ 19 ഞായറാഴ്ച അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ഈസ്റ്റ് റതർഫോർഡിലുള്ള ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയത്തിലാണ്(മെറ്റ്ലൈഫ്) ഫൈനൽ നടക്കുന്നത്.

ഫൈനലിനായുള്ള ഔദ്യോഗിക സ്റ്റാൻഡേർഡ് ടിക്കറ്റുകളുടെ പ്രാരംഭ വില 2,030 മുതൽ 6,730 ഡോളർ വരെയായിരുന്നു. നിലവിലെ വിനിമയ നിരക്കിൽ ഇത് ഏകദേശം 1.75 ലക്ഷം രൂപ മുതൽ 5.81 ലക്ഷം രൂപ വരെയായിരുന്നു ഈ നിരക്ക്. എന്നാൽ, ഫൈനലിസ്റ്റുകൾ സംബന്ധിച്ച അന്തിമ ചിത്രം പുറത്തുവന്നതിന് പിന്നാലെ റീസെയിൽ വിപണിയിൽ വില കുത്തനെ ഉയരുകയായിരുന്നു. ഫൈനലിന് മുമ്പുള്ള മൂന്ന് ദിവസത്തെ ശരാശരി വിലയിൽ ഏകദേശം 10 ശതമാനം വർധന രേഖപ്പെടുത്തി. ഒക്ടോബറിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പോലും 13,650 ഡോളർ (ഏകദേശം11.81 ലക്ഷം രൂപ) വരെ എത്തിയിരുന്നു. പിന്നീട് വില കുറഞ്ഞെങ്കിലും ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ വീണ്ടും ഉയരുകയായിരുന്നു. 

ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞെങ്കിലും, മത്സരം നേരിൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഇപ്പോഴും ചില ഔദ്യോഗിക ബുക്കിംഗ് മാർഗങ്ങൾ ലഭ്യമാണ്. കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ടിക്കറ്റുകൾക്ക് വൻ ആവശ്യകത തുടരുന്നതിനാൽ വിലയിലും വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. നിലവിൽ 'ലാസ്റ്റ്-മിനിറ്റ് സെയിൽസ്' ഘട്ടമാണ് നടക്കുന്നത്. ലഭ്യമായ സ്റ്റോക്കിനെ ആശ്രയിച്ച് 'ഫസ്റ്റ് കം, ഫസ്റ്റ് സർവ്' അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ റിലീസ് ചെയ്യുന്നത്. ഇതിനായി ആദ്യം ഒരു ഫിഫ അക്കൗണ്ട് സൃഷ്ടിക്കുകയോ ലോഗിൻ ചെയ്യുകയോ വേണം. പുതിയ ടിക്കറ്റുകൾ ഇടയ്ക്കിടെ ലഭ്യമാകുന്നതിനാൽ പോർട്ടൽ നിരന്തരം പരിശോധിക്കാൻ ഫിഫ നിർദേശിക്കുന്നു. സാധാരണ വിൽപ്പനയിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് ഫിഫയുടെ ഔദ്യോഗിക റീസെയിൽ മാർക്കറ്റ്പ്ലേസ് വഴിയും നിയമാനുസൃതമായി ടിക്കറ്റുകൾ വാങ്ങാൻ അവസരമുണ്ട്.

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പോർട്ടൽ, ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പ്രോഗ്രാം, അംഗീകൃത വിൽപ്പന പങ്കാളികൾ എന്നിവ വഴിയേ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് ഫിഫ മുന്നറിയിപ്പ് നൽകി. അനധികൃത വെബ്സൈറ്റുകളിലൂടെയോ പരിചയമില്ലാത്ത വിൽപ്പനക്കാരിലൂടെയോ ടിക്കറ്റ് വാങ്ങുകയാണെങ്കിൽ വ്യാജമോ ഡ്യൂപ്ലിക്കേറ്റോ അമിതവിലയുള്ള ടിക്കറ്റുകളോ ലഭിക്കാൻ സാധ്യതയുണ്ടെന്നും അത്തരം ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ പ്രവേശനത്തിന് അംഗീകരിക്കപ്പെടാതിരിക്കാമെന്നും ഫിഫ വ്യക്തമാക്കി.

സ്റ്റേഡിയത്തിലെ സീറ്റിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. സാധാരണ സീറ്റുകൾക്ക് പുറമേ പ്രീമിയം സീറ്റിംഗ്, പ്രത്യേക മത്സരദിന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഫിഫ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ലഭ്യത സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്.

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നടപടിക്രമം

  • ഫിഫ അക്കൗണ്ട് സൃഷ്ടിക്കുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക.
  • ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പോർട്ടൽ സന്ദർശിക്കുക.
  • ലാസ്റ്റ്-മിനിറ്റ് സെയിൽസ് വിഭാഗത്തിൽ ടിക്കറ്റ് ലഭ്യത പരിശോധിക്കുക.
  • ടിക്കറ്റ് ലഭ്യമല്ലെങ്കിൽ ഔദ്യോഗിക റീസെയിൽ മാർക്കറ്റ്പ്ലേസ് നിരീക്ഷിക്കുക.
  • ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ പണമടയ്ക്കാവൂ.

ടിക്കറ്റ് ലഭ്യത ഇടയ്ക്കിടെ മാറുന്നതിനാൽ പോർട്ടൽ പലതവണ പരിശോധിക്കുന്നത് അവസരം വർധിപ്പിക്കുമെന്ന് ഫിഫ അറിയിച്ചു. ടൂർണമെന്റ് സമാപനത്തിലേക്ക് കടക്കുന്നതിനാൽ ഫൈനൽ ടിക്കറ്റിനായി ശ്രമിക്കുന്നവർ ഔദ്യോഗിക ഫിഫ ബുക്കിംഗ് ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും, പുതിയ ടിക്കറ്റുകളും റീസെയിൽ ലിസ്റ്റിംഗുകളും ഏത് സമയത്തും ലഭ്യമാകാൻ സാധ്യതയുണ്ടെന്നും ഫിഫ വീണ്ടും ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img