
ദോഹ: 2025-ലെ ഖത്തറിലെ മികച്ച വോളന്റിയർ സേവനത്തിനുള്ള ഫിഫ അവാർഡ് സ്വന്തമാക്കി മലയാളി സിദ്ദീഖ് നമ്പിടി. കാസർകോട് സ്വദേശിയായ സിദ്ദീഖ്, ഫിഫ അണ്ടർ-17 വേൾഡ് കപ്പിലെ ശ്രദ്ധേയമായ സേവനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് അർഹനായത്.
വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിയിൽ നടന്ന വിജയാഘോഷ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ഫിഫ അണ്ടർ-17 വേൾഡ് കപ്പ്, അറബ് കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി ക്ഷണിച്ച 25,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 3,500 വോളന്റിയർമാരിൽ ഒരാളായിരുന്നു സിദ്ദീഖ്.
ഓരോ വിഭാഗത്തിലും ഓരോ സ്റ്റേഡിയത്തിലും മികച്ച സേവനം കാഴ്ചവെച്ച വോളന്റിയർമാരെയാണ് ചടങ്ങിൽ അനുമോദിച്ചത്. അണ്ടർ-17 വേൾഡ് കപ്പ് വിഭാഗത്തിൽ മികച്ച വോളന്റിയർ സേവനത്തിനുള്ള അവാർഡ് സ്വന്തമാക്കിയ സിദ്ദീഖ്, പുരസ്കാരം ലഭിച്ചവരിൽ ഏക ഇന്ത്യൻ കൂടിയാണ്.
ചടങ്ങിൽ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ജാസിം അൽ ജാസിം, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹയ മുഹമ്മദ് അൽ നഈമി തുടങ്ങിയവർ സന്നിഹിതരായിരുന്നു.











