
ദോഹ: ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടരുന്ന ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ഖത്തർ 2025 ൽ ഭിന്നശേഷിയുള്ള ആരാധകർക്കും ഫുട്ബോൾ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവസരമൊരുക്കി സംഘാടകർ. ആസ്പയർ സോണിലെ സ്റ്റേഡിയങ്ങളിൽ നടക്കുന്ന
ആറാമത് ഫിഫ അണ്ടർ-17 വേൾഡ് കപ്പിന്റെ ഭാഗമായി, ഭിന്നശേഷിയുള്ള ആരാധകർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആസ്പയർ സോണിലെ എട്ട് ഗ്രൗണ്ടുകളിലും വീല്ചെയർ സൗകര്യമുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫൈനൽ മത്സരം നടക്കാനിരിക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും ഭിന്നശേഷിയുള്ളവർക്കും ചലനപരിമിതിയുള്ളവർക്കുമായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കികഴിഞ്ഞു.
കാഴ്ച പരിമിതിയുള്ളവർക്കായി അറബിയും ഇംഗ്ലീഷും ഉൾപ്പെടെ രണ്ട് ഭാഷകളിൽ ഓഡിയോ വിവരണ (Audio Descriptive Commentary) സൗകര്യവും ലഭ്യമാണ് ആരാധകർ “3annak” ആപ്പ് ഡൗൺലോഡ് ചെയ്ത് “U17” കോഡ് നൽകി തങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ തിരഞ്ഞെടുക്കാം. ഇതിലൂടെ മത്സരത്തിനിടെ കളിക്കാരുടെ പ്രകടനങ്ങൾ ആരാധകരുടെ ആവേശം തുടങ്ങിയവയും ഉൾപ്പെടുത്തി വിശദമായ വിവരണം കേൾക്കാൻ കഴിയും.
ന്യൂറോഡൈവേർജന്റ് ആവശ്യങ്ങൾ ഉള്ളവർക്കായി ഫാൻ സോണിൽ പ്രത്യേക സെൻസറി റൂം ഒരുക്കിയിട്ടുണ്ട്. ഖത്തർ ഫൗണ്ടേഷൻ പ്രി-യൂണിവേഴ്സിറ്റി എഡ്യുക്കേഷനുമായി സഹകരിച്ചാണ് ഈ സംവിധാനം. ശാന്തമായ അന്തരീക്ഷത്തിൽ മത്സരം ആസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഭിന്നശേഷിയുള്ള ആരാധകർക്ക് QR10 നിരക്കിൽ ടിക്കറ്റ് ലഭിക്കും. വിലാസം: accessibility.u17fw@sc.qa. ദിവസം നിരവധി മത്സരങ്ങളും ഫാൻ സോണിലെ വിനോദ പരിപാടികളും ടിക്കറ്റിലൂടെ കാണാൻ സാധിക്കും.
മത്സരദിനങ്ങളിൽ ഫാൻ സോൺ ഉച്ചയ്ക്ക് 1.30 മുതൽ മത്സരം അവസാനിക്കുന്നതുവരെ പ്രവർത്തിക്കും. ടിക്കറ്റോടൊപ്പം Proof of Eligibility സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ് സഹയാത്രികർക്കായി പ്രത്യേക ടിക്കറ്റുകളും ലഭ്യമാണ്.










